തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് കായിക മന്ത്രി വി അബ്ദുർഹ്‌മാൻ കെ എം ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും പ്രസ്സ്‌ക്ലബ്ബും ചേർന്ന് സമാഹരിച്ച ബഷീറിന്റെ കുടുംബത്തിനുള്ള ധന സഹായം കായിക മന്ത്രി വി അബ്ദുർറഹ്‌മാൻ സിറാജ് ദിനപത്രം ഡയറക്ടർ എ സൈഫുദ്ദീൻ ഹാജിക്ക് കൈമാറി. ബഷീറിന്റെ മക്കളുടെ പേരിലുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്. കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ആർ കിരൺ ബാബു, പ്രസ്‌ക്ലബ്ബ് മുൻ പ്രസിഡന്റ് ജി പ്രമോദ്, എ സൈഫുദ്ദീൻ ഹാജി, അരവിന്ദ് ശശി, ഖാസിം എ ഖാദർ, ശ്രീജിത്ത് ശ്രീധരൻ, ആർ പ്രദീപ് സംസാരിച്ചു. യൂണിയൻ ട്രഷറർ അനുപമ ജി നായർ നന്ദി പറഞ്ഞു.