കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്ക് പോകുന്ന യാത്രക്കാരിൽ നിന്ന് റാപിഡ് പിസിആർ ടെസ്റ്റിന്റെ പേരിൽ ഈടാക്കി വരുന്ന 2490 രൂപ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. തീരുമാനം മാറ്റിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും നിയമനടപടികളുമായി മുൻപോട്ടുപോകുമെന്നും ജില്ലാ കെഎംസിസി നേതാക്കൾ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിമാനത്താവളത്തിന് വെളിയിലുള്ള ലാബുകളിൽ നിന്ന് 48 മണിക്കൂർ മുൻപ് നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നത് ഇവിടങ്ങളിൽ 300 രൂപ മുതൽ 500 രൂപ വരെയാണ് ഇപ്പോൾ പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്നത് എയർപോർട്ടിൽ 2490 രൂപ ഈടാക്കുന്നത് യാത്രക്കാരെ കൊള്ളയടിക്കുന്നതിന് സമമാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന അനേകംപേർ വീണ്ടും പ്രതീക്ഷകളോടെ യുഎഇയിലേക്ക് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും പോവുകയാണ്. ഇതിൽ 99% ആളുകളും വെറും സാധാരണക്കാരാണ്.

ഗൾഫ് രാജ്യങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും എയർലൈൻസ് കമ്പനികൾ ഈടാക്കി വരുന്ന യാത്രാനിരക്ക് മൂന്നും നാലും ഇരട്ടിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര കേരള ഗവൺമെന്റുകൾ അടിയന്തര ഇടപെടലുകൾ നടത്തണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റിന്റെ പേരിൽ യാത്രക്കാരെ മണിക്കൂറോളം ക്യൂ നിർത്തി പീഡിപ്പിക്കുകയാണ്. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ കഷ്ടപ്പെടുന്നു ആവശ്യമായ ഇരിപ്പിട സൗകര്യങ്ങളും കുടിവെള്ള സൗകര്യവും ഒരുക്കണം.

ഇക്കാര്യങ്ങളൊക്കെ ചൂണ്ടികാണിച്ചു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും മാനേജിങ് ഡയറക്ടർക്കും അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ വടകര കാസർകോട് എംപിമാർക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മന്ത്രി എം വി ഗോവിന്ദൻ മട്ടന്നൂർ എംഎൽഎ കെ കെ ശൈലജ കലക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

പരിഹാരമായില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും ആർ ടി പിസിആർ കൊള്ളക്കെതിരെ ഹൈക്കോടതിയിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി പി അബ്ബാസ് ഹാജി ട്രഷറർ കെ വി ഇസ്മായിൽ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഇരിട്ടി മുൻ പ്രസിഡന്റ് കെടി ഹാഷിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.