കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 1.20ന് പുറപ്പടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തിയത്. പിന്നാലെയാണ് വിമാനം റദ്ദാക്കിയത്.

വിമാനം വൈകിയതിനെ തുടർന്ന് 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. മണിക്കൂറുകൾ പിന്നിട്ടതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സമീപത്തെ ഹോട്ടലിലേയ്ക്ക് മാറ്റി.

കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. വിമാനം വൈകിയത് സംബന്ധിച്ച് എയർ ഇന്ത്യയും ഔദ്യോഗികമായി വിശദീകരണം നൽകിയിരുന്നില്ല.