കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം കൊച്ചി കോർപ്പറേഷൻ പരിധിയിൽ വഴിയോരക്കച്ചവടക്കാർക്ക് നാളെ മുതൽ നിയന്ത്രണം. പെർമിറ്റ് ഇല്ലാത്തവർക്ക് കച്ചവടത്തിന് അനുവാദമുണ്ടാകില്ലെന്ന് മേയർ എം അനിൽകുമാർ വ്യക്തമാക്കി. വെൻഡിങ് സോൺ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമുണ്ടാകും.കോവിഡ് കാലത്താണ് നഗരത്തിൽ വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്. നിരവധി പേർക്ക് അത് വരുമാന മാർഗ്ഗമാവുകയും ചെയ്തു.

വെൻഡിങ് ലൈസൻസ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂ എന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചതോടെയാണ് കോർപ്പറേഷൻ നിയന്ത്രണങ്ങൾ തുടങ്ങുന്നത്. ഇതുപ്രകാരം 2500 ഓളം പേർക്കാണ് നിലവിൽ കച്ചവടത്തിന് അനുമതി നൽകുന്നത്. കൂടുതൽ അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മേയർ പറഞ്ഞു.

പെർമിറ്റ് ഇല്ലാത്തവർ കച്ചവടം നടത്തുന്നുണ്ടോയെന്ന് വിവിധ ഡിവിഷനുകളിലെ ജാഗ്രത സമിതി പരിശോധിക്കണം. അനധികൃത കച്ചവടക്കാർക്കെതിരെ നടപടി എടുക്കും. കച്ചവടങ്ങൾ അനുവദിക്കുന്ന വെൻഡിങ് സോണുകൾ ഏതെല്ലാമെന്ന് വെൻഡിങ് കമ്മിറ്റി തീരുമാനിക്കും. ഇത് വിവിധ യോഗങ്ങൾക്ക് ശേഷം വ്യക്തമാകും. കാൽ നടയാത്രക്കാരെ തടസ്സപ്പെടുത്താതിരിക്കുക, മാലിന്യങ്ങൾ പുറന്തള്ളാതിരിക്കുക തുടങ്ങി ബൈലോയിലെ നിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മേയർ വ്യക്തമാക്കി.