തിരുവനന്തപുരം: 2015ലെ ബജറ്റ് ദിനത്തിൽ നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിടുന്നതും കമ്പ്യൂട്ടർ തകർക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന പ്രതികളായ ഇടത് നേതാക്കളുടെ വാദത്തെ പരിഹസിച്ച് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. എല്ലാവരും തത്സമയം കണ്ട ഗുണ്ടായിസം വ്യാജമാണെന്ന് അവകാശപ്പെടണമെങ്കിൽ നിങ്ങൾക്ക് വല്ലാത്ത കട്ടിയുള്ള ചർമ്മമുണ്ടായിരിക്കണം എന്നാണ് ഇന്നത്തെ മനോരമ വാർത്ത ഷെയർ ചെയ്തുകൊണ്ട് ചിറ്റിലപ്പിള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്.

വാച്ച് ആൻഡ് വാർഡായെത്തിയ പൊലീസുകാരാണ് സംഘർഷം ഉണ്ടാക്കിയതെന്നും പ്രതിരോധിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടിയടക്കമുള്ളവർ ചീഫ് മജിസ്‌ട്രേട്ട് കോടതിയിൽ വാദിച്ചത്. പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കവെയായിരുന്നു ഈ വാദം. എന്നാൽ, പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും വിടുതൽ ഹർജി തള്ളണമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. നിയമസഭയിലെ ഹാർഡ് ഡിസ്‌ക്കിൽ ടൈമർ ഘടിപ്പിച്ചിട്ടുണ്ടെന്നും തിരിമറി നടത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെളിവായി ഹാജരാക്കിയ ഡിവിഡികൾ അന്വേഷണ ഉദ്യോഗസ്ഥൻ നിയമസഭാ സെക്രട്ടറിയിൽനിന്നു സാക്ഷ്യപ്പെടുത്തി വാങ്ങിയില്ലെന്ന പേരിലാണ് ദൃശ്യങ്ങൾ വ്യാജമെന്ന വാദം പ്രതികൾ ഉന്നയിച്ചത്. ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സ്പീക്കറുടെ കസേരയും കംപ്യൂട്ടറും നശിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നും അവർ അവകാശപ്പെട്ടു.

നിയമസഭയിൽ ശിവൻകുട്ടിയും സംഘവും കമ്പ്യൂട്ടറുകൾ നശിപ്പിക്കുന്ന ചിത്രം അടക്കം നൽകികൊണ്ടാണ്, പ്രചരിച്ചത് വ്യാജ ദൃശ്യങ്ങളാണെന്ന വാദത്തിന്റെ വാർത്ത മനോരമ ദിനപത്രം ഇന്ന് മുൻപേജിൽ നൽകിയത്. അതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് 'You need real thick skin to claim that the hooliganism everyone saw live was fake' എന്ന് ചിറ്റിലപ്പിള്ളി പ്രതികരിച്ചത്. മുമ്പും രാഷ്ട്രീയപാർട്ടികളുടെ പല നിലപാടുകൾക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി.

ബാർകോഴ കേസിനെ തുടർന്ന് 2015 മാർച്ച് 13ന് ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായിരുന്നു അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയ്ക്കുള്ളിൽ അക്രമം നടത്തിയത്. ഉപകരണങ്ങളടക്കം നശിപ്പിച്ച് 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. കെടി ജലീൽ എംഎൽഎ, മുൻ മന്ത്രി ഇപി ജയരാജൻ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞമ്മദ്, സികെ സദാശിവൻ എന്നിവരാണ് മന്ത്രി ശിവൻകുട്ടിക്ക് പുറമേയുള്ള പ്രതികൾ. അവർ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച വിടുതൽ ഹർജിയുടെ വാദത്തിലാണ്, പ്രചരിച്ചത് വ്യാജദൃശ്യങ്ങളാണെന്ന വിചിത്രവാദം ഉന്നയിക്കപ്പെട്ടത്. ഇത് പരക്കെ വിമർശനങ്ങൾക്കും ട്രോളുകൾക്കും വക നൽകിയിരുന്നു. അതിനിടെയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും വിമർശനവുമായി രംഗത്തെത്തിയത്.

ഈ വിഷയത്തിൽ ഇന്നലെ ചാനൽചർച്ച നയിച്ച വിനു വി ജോണിനെതിരെ ദേശാഭിമാനിയിലെ മാധ്യമപ്രവർത്തകൻ തൽസമയം തന്നെ ഭീഷണിസന്ദേശം അയച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ചർച്ചയിൽ ശ്രീജിത്ത് പണിക്കർ സംസാരിക്കുമ്പോഴായിരുന്നു വിനുവിന് സന്ദേശം ലഭിക്കുന്നത്. ഉടൻ ശ്രീജിത് പണിക്കരുടെ സംസാരത്തിനിടയിൽ ഇടപെട്ട വിനു അവിടെ വച്ചുതന്നെ പ്രേക്ഷകരെ സന്ദേശം വായിച്ചുകേൾപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് ഇന്നലെ രാത്രിമുതൽ വിനുവിനെതിരെ സൈബർ ആക്രമണങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൈബർ സഖാക്കൾ. സൈബർ രംഗത്തും പുറത്തും വിനുവിന്റെ നെഗളിപ്പ് ചർച്ചയാക്കുന്നവർ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്.