ബംഗളൂരു: പ്രതിദിന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് താഴ്ന്നതോടെ കുടകിലെ നിയന്ത്രണങ്ങൾ നീക്കി. കോവിഡ് കേസുകൾ കുറയുകയും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) അഞ്ചിൽ താഴെ എത്തുകയും ചെയ്തതോടെയാണ് കുടകിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ജൂലൈ 19 വരെ പുതിയ ഇളവുകൾ നിലനിൽക്കുമെന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എൻ. മഞ്ജുനാഥ് പ്രസാദ് ഇറക്കിയ പ്രത്യേക ഉത്തരവിൽ പറയുന്നു.

ശനിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്കടക്കം കുടകിലേക്ക് പ്രവേശനം നൽകിത്തുടങ്ങി. വിനോദ സഞ്ചാരമേഖലകൾ തുറന്നതോടെ കടകളും റസ്റ്ററന്റുകളും റിസോർട്ടുകളും ഹോംസ്‌റ്റേകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഏപ്രിൽ 28 മുതൽ കുടകിലെ റിസോർട്ടുകളും ഹോംസ്‌റ്റേകളും അടഞ്ഞുകിടക്കുകയാണ്. കോവിഡ് കാരണം പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലയെ സാമ്പത്തികമായി ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്ന് കുടക് ഹോട്ടലിയേഴ്‌സ് ആൻഡ് റിസോർട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.ആർ. നാഗേന്ദ്ര പ്രസാദ് പറഞ്ഞു.

ബംഗളൂരു നഗര ജില്ലയിലടക്കം ലോക്ക്ഡൗൺ ഇളവിന്റെ മൂന്നാം ഘട്ടം ജൂലൈ അഞ്ചു മുതൽ നടപ്പായിരുന്നു. ഇതുപ്രകാരം ആരാധനാലയങ്ങളും മാളുകളും തുറക്കുകയും ബിസിനസ് പ്രവർത്തനങ്ങൾക്ക് രാത്രി ഒമ്പതുവരെ അനുമതിയും നൽകിയിരുന്നു. എന്നാൽ, രോഗസ്ഥിരീകരണ നിരക്ക് ഉയർന്നതിനാൽ കുടകിലും ഹാസനിലും ലോക്ക്ഡൗൺ രണ്ടാം ഘട്ട ഇളവ് മാത്രമാക്കി ചുരുക്കിയിരുന്നു.

നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണവും ടി.പി.ആറും ഉയർന്നുനിൽക്കുന്നതിനാൽ അതിർത്തിയിൽ കർശന പരിശോധന തുടരും. കുടകിലേക്ക് വരുന്ന കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് പരിശോധനാഫലമോ ഒറ്റത്തവണ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കരുതണമെന്ന് കുടക് ഡെപ്യുട്ടി കമ്മീഷണർ ചാരുലത സോമൾ പറഞ്ഞു. ഇതിനുപുറമെ, ചെക്ക്‌പോസ്റ്റുകൾക്ക് സമീപം റാപിഡ് ആന്റിജൻ പരിശോധന സൗകര്യവും ഏർപ്പെടുത്തും.

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഏഴിന് മുകളിലായിരുന്നപ്പോൾ കഴിഞ്ഞയാഴ്ച കുടകിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ 24 മണിക്കൂറും കർശന പരിശോധനയും ടൂറിസ്റ്റുകൾക്ക് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഹോം സ്‌റ്റേകളും റിസോർട്ടുകളും ലോഡ്ജുകളും ജൂലൈ 19 വരെ അടച്ചിടാനായിരുന്നു തീരുമാനം.

കർണാടകയിൽ പുതുതായി 2530 കോവിഡ് കേസുകളും 62 മരണവുമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. 1.6 ശതമാനമാണ് ടി.പി.ആർ. ബംഗളൂരുവിൽ 452 കേസ്, അഞ്ചു മരണം, മൈസൂരുവിൽ 211 കേസ്, രണ്ട് മരണം എന്നിങ്ങനെയും റിപ്പോർട്ട് ചെയ്തു. കുടകിൽ 108 കേസ് പുതുതായി രേഖപ്പെടുത്തിയെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.