തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്യുന്ന സുനിൽ നായിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആത്മാർത്ഥസുഹൃത്താണെന്ന് റിപ്പോർട്ടുകൾ. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ ട്രഷററായിരുന്നു സുനിൽ നായിക്ക്. സഹപ്രവർത്തകൻ എന്നതിനപ്പുറം വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് സ്ത്രീ പ്രവേശനവിവാദത്തിൽ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സന്നിധാനത്ത് നടന്ന സമരത്തിലെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു സുനിൽ നായിക്ക്. അക്കാലത്ത് സോഷ്യൽമീഡിയയിൽ പ്രചരിച്ച 'ഹാൻസ്' വീഡിയോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സമീപത്തുണ്ടായിരുന്ന വ്യക്തി സുനിൽ നായിക്കാണെന്ന് റിപ്പോർട്ട്. വീഡിയോയിലെ ഹാൻസാണെന്ന് ആരോപിക്കപ്പെടുന്ന പാക്കറ്റ് സുരേന്ദ്രന് കൈമാറിയ വ്യക്തി സുനിൽ നായിക്കാണെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

മുൻപ് യുവമോർച്ച ജില്ലാപ്രസിഡന്റും സെക്രട്ടറിയുമായിരുന്നു സുനിൽ നായിക്ക്. പിന്നീട് യുവമോർച്ച ദേശീയസമിതിയിൽ അംഗമായതോടെ അക്കാലത്തെ യുവമോർച്ചയുടെ ദേശീയ നേതാക്കളുമായി സൗഹൃദത്തിലായി. അന്നത്തെ യുവമോർച്ച നേതാക്കളിൽ പലരും ഇപ്പോൾ കേന്ദ്രമന്ത്രിമാരാണ്. ധർമരാജനും കോഴിക്കോട്ട് ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നയാളാണ്.

കേസിലെ ധർമ്മരാജന്റെ ആർഎസ്എസ് ബന്ധം നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. താൻ ആർഎസ്എസ് പ്രവർത്തകനാണെന്നും ചെറുപ്പം മുതൽ ശാഖയിൽ പോയ ആളാണെന്നും ധർമരാജൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണകാലത്ത് സംസ്ഥാനനേതാക്കൾക്കൊപ്പം സുനിൽ നായിക്കും ധർമരാജനും സജീവമായിരുന്നു. കാസർകോട് കഴിഞ്ഞതവണ കെ.സുരേന്ദ്രന്റെ അപരനായി മത്സരിച്ച സുരേന്ദ്ര ഇത്തവണ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു. തൊട്ടടുത്ത ദിവസം സുരേന്ദ്രയെ വീട്ടിൽ സന്ദർശിച്ച ചിത്രം സുനിൽനായിക് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവർക്കൊപ്പം വിവിധ പരിപാടികളിൽ അനുഗമിക്കുന്ന ചിത്രവും സുനിൽനായിക് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കേസുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ആവർത്തിക്കുന്നതിനിടയാണ് സുനിലിന്റെയും ധർമ്മരാജന്റെയും ബിജെപി-ആർഎസ്എസ് ബന്ധങ്ങൾ പുറത്തുവരുന്നത്.

ധർമരാജനുമായി അനേകം വർഷങ്ങളായുള്ള ബിസിനസ് പങ്കാളിത്തമാണുള്ളതെന്നാണ് സുനിൽ നായിക് പറയുന്നത്. മുൻകാല അബ്കാരി കോൺട്രാക്ടറായ ധർമരാജൻ നിലവിൽ കോഴിക്കോട്ടെ റിയൽ എസ്റ്റേസ് ബിസിനസ് രംഗത്താണ് പ്രവർത്തിക്കുന്നത്. പണമിടപാട് ബിസിനസ് ആവശ്യത്തിനാണെന്ന് ധർമരാജനും സുനിൽനായിക്കും പറഞ്ഞതോടെ ഇതന്വേഷിക്കാൻ പൊലീസ് ഇരുവരെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.