കോലേഞ്ചേരി: കോടനാട് പൊലീസ് കൈകോർത്തു, രോഗ കിടക്കയിലെ സതീശന്റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. രോഗബാധിതനായ കുറിച്ചിലക്കോട് സ്വദേശി സതീശന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിക്കണമെന്നത്. അസുഖംമൂലം ജോലിക്കു പോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് അവസ്ഥയറിഞ്ഞ് സതീശന്റെ ആഗ്രഹം സാധിക്കാൻ കോടനാട് എസ്.എച്ച്. ഒ സജി മാർക്കോസിന്റെ നേതൃത്വത്തിൽ പൊലീസ് മുമ്പോട്ടു വരുന്നത്.

അദ്ദേഹം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മുമ്പിൽ കാര്യങ്ങൾ അവതരിപ്പിച്ചു. എസ്‌പി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതോടെ വീടിന്റെ നിർമ്മാണ പ്രവർത്തനത്തിന് ആദ്യ ശില പാകി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പെരുമ്പാവൂർ എ.എസ്‌പി അനൂജ് പലിവാൽ, എസ്.എച്ച്.ഒ സജി മാർക്കോസ്, വാർഡ് മെമ്പർമാരായ മായ കൃഷ്ണകുമാർ, ബിന്ദു കൃഷ്ണകുമാർ, ഒ.ഡി.അനിൽ, വിപിൻ കോട്ടക്കുടി, ഷിജോ, റിജോ ജോസഫ്, പൊലീസുദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കാളികളായി. എഴുന്നൂറു ചതുരശ്ര അടിയിൽ ഒരുങ്ങുന്ന വീട് മൂന്നു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.