കോടഞ്ചേരി: മകൾ ചതിയിൽ കുടുങ്ങിയതാണെന്നും 'കാണാതായതിന്' പിന്നിൽ ദുരൂഹതയുണ്ടെന്നും കോടഞ്ചേരിയിൽ മിശ്രവിവാഹിതയായ ജോയ്‌സനയുടെ പിതാവ് ജോസഫ്. പൊലീസിൽ വിശ്വാസമില്ല. സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകൾക്കായി താൻ ഹൈക്കോടതിയെ സമീപിച്ചെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിക്കാരുടെ പിന്തുണയല്ല, തന്നെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവർ മുഖേനയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. മകളെ തട്ടിക്കൊണ്ടുപോയത് തന്നെയാണെന്നും ജോസഫ് പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്നുമാണ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. ജോയ്‌സ്‌നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്നും അച്ഛൻ പറയുന്നു.

ശനിയാഴ്ചയാണ് മുസ്ലിം സമുദായത്തിൽപെട്ട ഷെജിനും ക്രിസ്ത്യൻ സമുദായത്തിൽപെട്ട ജോയ്സ്നയും വിവാഹം കഴിച്ചത്. ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും മതസൗഹാർദം തകർത്തെന്നും മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ജോർജ് എം.തോമസ് ആരോപിച്ചതോടെയാണ് വിവാദം മുറുകിയത്. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു ഷെജിൻ ഇത് ചെയ്യാനെന്നും പാർട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ജോർജ് എം.തോമസ് പറഞ്ഞിരുന്നു.

എന്നാൽ, തന്റെ സ്വന്തം ഇഷ്ടപ്രകാരം ഷിജിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചതാണെന്ന് ജോയ്‌സ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. ഇത് താമരശ്ശേരി ജില്ലാ കോടതിയിൽ ജോയ്‌സ്‌ന എത്തി ബോധിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നു ജോർജ് എം.തോമസ് തിരുത്തുകയും ചെയ്തു.. സംഭവത്തിൽ ലൗ ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോർജ് പറഞ്ഞു.

കോടഞ്ചേരി വിവാഹ വിവാദത്തിൽ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തിയിരുന്നു. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസ്സുകളെ തമ്മിൽ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.

താമരശ്ശേരി മേരി മാതാ കത്തീഡ്രൽ പള്ളിയിൽ പെസഹാ വ്യാഴത്തിന്റെ ഭാഗമായി നടന്ന ശുശ്രൂഷകൾക്ക് ശേഷമാണ് ബിഷപ്പ് മാർ റെമജീയോസ് ഇഞ്ചനാനിയിൽ രൂപതയ്ക്ക് കീഴിൽ സമീപകാലത്തുണ്ടായ സംഭവങ്ങളിലുള്ള അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചത്. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും അത്തരം ശക്തികൾക്ക് കീഴടങ്ങരുതെന്നുമായിരുന്നു ബിഷപ്പിന്റെ വാക്കുകൾ.

ജ്യോയ്‌സ്‌നയെ കാണാതായ ദിവസം താമരശേരി രൂപത നേതൃത്വം സിപിഎം നേതാക്കളെ ബന്ധപ്പെട്ട് ഷെജിനെയും ജ്യോയ്‌സ്‌നയെയും കണ്ടെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഇരുവർക്കും മൂന്ന് ദിവസം ഒളിവിൽ കഴിയാൻ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ കൂട്ടുനിന്നെന്ന പരാതി രൂപതാ നേതൃത്വത്തിനുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന്റെ വികാരം പാർട്ടി കണക്കിലെടുത്തില്ലെന്ന വിമർശനവും രൂപതാ നേതൃത്വം പങ്കുവയ്ക്കുന്നു.

ഈ വികാരം ഉൾക്കൊള്ളുന്ന നിലയിലായിരുന്നു ഇന്നലെ കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണം. വിഷയം വഷളാക്കിയത് കോൺഗ്രസ് ആണെന്നും സിപിഎം ആരോപിച്ചിരുന്നു.

ഇതിനെതിരെ കോടഞ്ചേരിയിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോടഞ്ചേരി വിവാഹ വിവാദത്തിലും ജോർജ്ജ് എം തോമസിന്റെ ലൗ ജിഹാദ് പരാമർശത്തിലും കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. കോഴിക്കോട് ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ജ്യോയ്‌സ്‌നയുടെ മാതാപിതാക്കളെ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പരിപാടി റദ്ദാക്കിയിരുന്നു.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)