തിരുവനന്തപുരം: ആർഎസ്‌പി ഇപ്പോൾ നിൽക്കുന്നിടത്ത് നിൽക്കട്ടെയെന്നും കുറച്ച് കാലം കൂടി കോൺഗ്രസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണന്റെ പരിഹസാസം. നിലവിൽ ആർഎസ്‌പിയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഇപ്പോൾ അവർ സംപൂജ്യരാണെന്നും കോടിയേരി പറഞ്ഞു. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് എത്തിയ കെപിസിസി മുൻ ജനറൽ സെക്രട്ടറി ജി. രതികുമാറിനെ എകെജി സെന്ററിൽ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിയേരിയുടെ വാക്കുകൾ:

ഉപ്പുചാക്ക് വെള്ളത്തിൽ വെച്ച അവസ്ഥയിലാണ് കെപിസിസി. ഓരോ ദിവസവും ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാരാണ് പാർട്ടി വിട്ടുകൊണ്ടിരിക്കുന്നത്. ഇത് റോസക്കുട്ടി ടീച്ചറിൽ നിന്ന് തുടങ്ങിയതാണ്. ഇലക്ഷൻ കാലത്ത് അവരാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പിന്നിട് തുടർച്ചയായി വിവിധ ജില്ലകളിലെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ രാജിവെച്ചു. കോൺഗ്രസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് മൂന്ന് കെപിസിസി ജനറൽ സെക്രട്ടറിമാർ ഒന്നിച്ച് രാജിവെക്കുന്നത്.

രാജിവെക്കുന്നവർ സിപിഐഎമ്മിലേക്ക് ആകർഷിക്കപ്പെടുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഇത് ഇടതുപക്ഷ രാഷ്ട്രീയം കേരളത്തിൽ കൂടുതൽ സ്വീകാര്യമാകുന്നുവെന്നതാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. കെപിസിസി ജനറൽ സെക്രട്ടറി രതികുമാറിന് സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ അർഹമായ സ്ഥാനങ്ങൾ നൽകും.

കേരളത്തിലെ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് തീർച്ചയാണ്. ഹൈക്കമാൻഡ് പോലും ദുർബലമായി കഴിഞ്ഞു. ബിജെപിയിലേക്ക് പോയ നേതാക്കളെ മാലിന്യമെന്ന് അവർ വിളിച്ചിട്ടില്ല. ഇപ്പോൾ രാജിവെച്ചവർ ബിജെപിയിലേക്ക് പോയാൽ അവരൊന്നും മിണ്ടില്ല. മാലിന്യങ്ങളെന്നു വിളിച്ചാലൊന്നും ഇതിനെ മാറ്റാൻ കഴിയില്ല. കോൺഗ്രസിൽ നിന്ന് ചോർത്തൽ ഞങ്ങളുടെ നയമല്ല. സിപിഐഎമ്മുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവരെ പാർട്ടി സ്വീകരിക്കും. അല്ലാതെ മറ്റൊരു നിലപാട് ഞങ്ങൾക്കില്ല.

ആർഎസ്‌പി ഇപ്പോൾ നിൽക്കുന്നിടത്ത് നിൽക്കട്ടെ. ആർഎസ്‌പി നേതൃത്വവുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല.. ഇപ്പോൾ അവർ സംപൂജ്യരാണ്. കുറച്ച് കാലം കൂടി കോൺഗ്രസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കട്ടെ.