ജോഹന്നാസ്ബർഗ്: ഇന്ത്യൻ ക്രിക്കറ്റിലെ കോലി യുഗത്തിന് അന്ത്യമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കോലിയില്ല. പരിക്കാണ് കാരണമെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുമ്പോഴും സംശയങ്ങൾ ഏറെയാണ്. പുതുവർഷത്തിലെ ആദ്യ ടെസ്റ്റ് തന്നെ ഇന്ത്യൻ ക്യാപ്ടന് നഷ്ടമാകുന്നു. അതും ടീമിലുണ്ടാകില്ലെന്ന ഒരു സൂചനയും നൽകാതെ. രണ്ടാം ടെസ്റ്റിന്റെ ടോസിന് ഇന്ത്യൻ നിരയിൽ നിന്ന് കെ എൽ രാഹുൽ എത്തിയതോടെയാണ് കോലി കളിക്കുന്നില്ലെന്ന വിവരം പുറംലോകത്ത് എത്തിയത്.

രണ്ടു വർഷമായി ടെസ്റ്റിൽ കോലിക്ക് സെഞ്ച്വറിയൊന്നും നേടാനായിരുന്നില്ല. ഇതിനൊപ്പം ബിസിസിഐ അധ്യക്ഷൻ കൂടിയായ സൗരവ് ഗാംഗുലിയെ തള്ളി പറയേണ്ടിയും വന്നു. ട്വന്റി ട്വന്റി ക്യാപ്ടൻ സ്ഥാനം കോലി സ്വയം ഒഴിഞ്ഞിരുന്നു. ഇത് ബിസിസിഐയുടെ നിർദ്ദേശത്തെ മറികടന്നാണെന്ന് ഗാംഗുലി വെളിപ്പെടുത്തി. അതുകൊണ്ടാണ് ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് കോലിയെ മാറ്റിയതെന്നും വിശദീകരിച്ചു. എന്നാൽ തന്നോട് ആരും മാറരുതെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു കോലിയുടെ തിരിച്ചടി. ടീമിന്റെ ചീഫ് സെലക്ടർ ചേതൻ ശർമ്മ കഴിഞ്ഞ ദിവസം ഇത് നിഷേധിച്ച് രംഗത്തു വരികയും ചെയ്തു. താനുൾപ്പെടെയുള്ളവർ കോലിയോട് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു ശർമ്മയുടെ വെളിപ്പെടുത്തൽ.

ഇതോടെ ഗാംഗുലി പറഞ്ഞതാണ് ശരിയെന്ന പൊതു ധാരണയുണ്ടായി. കോലി കള്ളം പറഞ്ഞെന്നും ചർച്ചയെത്തി. ട്വന്റി ട്വന്റി ലോകകപ്പിൽ ടീമിന്റെ മനോധൈര്യം കുറയ്ക്കുകയായിരുന്നു കോലിയുടെ മുൻകൂട്ടിയുള്ള ക്യാപ്ടൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനമെന്ന വിലയിരുത്തലും ചേതൻ ശർമ്മ നടത്തി. ഇതെല്ലാം വലിയ തോതിൽ ചർച്ചയാകുമ്പോഴാണ് നടുവേദനയെന്ന കാരണവുമായി കോലിയുടെ രണ്ടാം ടെസ്റ്റിൽ നിന്നുള്ള പിന്മാറ്റം. ചുമലിലെ പേശി വലിവാണ് കാരണമായി കെ എൽ രാഹുൽ വിശദീകരിക്കുന്നത്. എന്നാൽ ഈ പിന്മാറ്റം പുതിയ ചർച്ചകൾക്ക് സാധ്യതയൊരുക്കും. ഇന്ത്യൻ ടെസ്റ്റ് ടീമിൽ കോലിയുടെ സ്ഥാനം സുരക്ഷിതമാകില്ലെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായതോടെ കോലിക്ക് കഷ്ടകാലം തുടങ്ങിയെന്നാണ് റിപ്പോർട്ട്. കോലിയെക്കാൾ രാഹുലിന് താൽപ്പര്യം രോഹിത് ശർമ്മയേയും കെ എൽ രാഹുലിനേയുമാണ്. ടെസറ്റിനും ഏകദിനത്തിനും ട്വന്റി ട്വന്റിക്കും ഒരു നായകൻ എന്ന ഫോർമുലയാണ് രാഹുലിനുള്ളത്. രോഹിത്തിന് ശേഷം രാഹുൽ എന്ന പദ്ധതിയുമായാണ് ദ്രാവിഡ് മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോലിയെ അലോസരപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കോലിയുടെ നേതൃമികവിനെ പ്രശംസിച്ച് ദ്രാവിഡ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. രണ്ട് വർഷമായി സെഞ്ചുറി കാണാനാകാതെ പതറുന്ന കോലി വൈകാതെ മികച്ച സ്‌കോർ കണ്ടെത്തുമെന്നും ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ജൊഹന്നസ്ബർഗിൽ പറഞ്ഞു. അപ്പോഴൊന്നും കോലിയുടെ പരിക്കിൽ ഒരു സൂചനയും നൽകിയിരുന്നില്ല. ഏകദിന നായകപദവിയിൽ നിന്ന് നീക്കിയതിൽ ബിസിസിയോടുള്ള അതൃപ്തി പരസ്യമാക്കി മുംബൈയിൽ വാർത്താസമ്മേളനം നടത്തിയതിന് ശേഷം വിരാട് കോലി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിട്ടില്ല. ഇന്ത്യൻ നായകനെ മാധ്യമങ്ങളിൽ നിന്ന് മനപ്പൂർവ്വം അകറ്റി നിർത്തുന്നതല്ലെന്ന് വ്യക്തമാക്കിയ രാഹുൽ ദ്രാവിഡ്, കോലിയുടെ നൂറാം ടെസ്റ്റിന് തലേന്ന് വാർത്താസമ്മേളനം ഉണ്ടാകുമെന്നും അറിയിച്ചു.

'കളത്തിന് പുറത്തെ വിവാദങ്ങൾ കോലിയെ ബാധിച്ചിട്ടില്ല. രണ്ട് വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി ഇല്ലെന്ന കുറവ് കോലി ഉടൻ പരിഹരിക്കും. കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ പോയിന്റുകൾ നഷ്ടമാകുന്നത് ഒഴിവാക്കാൻ ഇന്ത്യൻ താരങ്ങൾ ശ്രദ്ധിക്കു'മെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാഗ്യവേദിയായ വാണ്ടറേഴ്സിലെ ഏറ്റവും മികച്ച വിദേശ റൺവേട്ടക്കാരനാകാൻ ഒരുങ്ങുകായിരുന്നു കോലി. ജൊഹന്നസ്ബർഗിലെ വാണ്ടറേഴ്സിൽ റൺവേട്ടക്കാരനാകാൻ കോലിക്ക് ഇനി വേണ്ടത് വെറും 6 റൺസ് മാത്രമായിരുന്നു. രണ്ട് ടെസ്റ്റുകളിൽ ഒരു സെഞ്ചുറിയും 2 അർധസെഞ്ചുറിയുമുൾപ്പെടെ 310 റൺസ് കോലിക്കുണ്ട്. 316 റൺസ് നേടിയ ന്യൂസിലൻഡിന്റ് ജോൺ റീഡ് മാത്രമാണ് മുന്നിൽ. ഈ ഭാഗ്യ ഗ്രൗണ്ടിലാണ് കോലിയുടെ ഇത്തവണത്തെ പിന്മാറ്റം.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിലൊരാളാണ് കോലി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറുമായി ക്രിക്കറ്റ് ആരാധകർ താരതമ്യം ചെയ്യുന്ന കോലി ഇന്ത്യയുടെ റൺ മെഷീനാണ്. സെഞ്ചുറിയും അർധസെഞ്ചുറിയുമായി കളം നിറയുന്ന കോലിയുടെ ചിറകിൽ ഇന്ത്യ നിരവധി മത്സരങ്ങളിൽ വിജയക്കൊടി പാറിച്ചു. സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിനെ മറികടന്ന് കോലി ലോകറെക്കോഡ് നേടുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ ടെസ്റ്റ് നായകന് കഴിഞ്ഞ രണ്ട് വർഷമായി ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. സെഞ്ചുറിയില്ലാതെ കോലി തുടർച്ചയായി രണ്ട് വർഷങ്ങൾ പൂർത്തിയാക്കി. 2020-ലും 2021-ലും താരത്തിന് ഒരു ഫോർമാറ്റിലും മൂന്നക്കം കാണാനായില്ല.

കോലിയുടെ അവസാന സെഞ്ചുറി പിറന്നത് 2019-ൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ്. പിന്നീട് നിരവധി മത്സരങ്ങൾ കളിച്ചെങ്കിലും സെഞ്ചുറി മാത്രം അകന്നുനിന്നു. മികച്ച സ്‌കോർ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കോലി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തി. നായകനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങിൽ കോലി പഴയ ഫോമിന്റെ അടുത്തെങ്ങുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ഇന്നിങ്സിൽ 35 റൺസും രണ്ടാമിന്നിങ്സിൽ 18 റൺസും മാത്രമാണ് ഇന്ത്യൻ നായകന് നേടാനായത്. ഇതിനൊപ്പമാണ് മറ്റ് വിവാദങ്ങളും.

98 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ചുറികൾ നേടിയ കോലി 254 ഏകദിന മത്സരങ്ങളിൽ നിന്ന് 43 സെഞ്ചുറികളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ കോലി മൂന്നാമതാണ്. 70 സെഞ്ചുറികളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. സച്ചിൻ (100), റിക്കി പോണ്ടിങ് (71) എന്നിവരാണ് കോലിയുടെ മുന്നിലുള്ളത്.