ചെന്നൈ: ഇന്ത്യൻ പ്രീമിയൽ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 153 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 152 റൺസിന് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, കൃത്യം 20 ഓവറിൽ 152 റൺസിന് ഓൾഔട്ടായി. 10 ഓവർ പൂർത്തിയാകുമ്പോൾ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ, അവസാന അഞ്ച് ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കിയ അവർക്ക് നേടാനായത് 38 റൺസ് മാത്രം. ഈ ഏഴിൽ അഞ്ച് വിക്കറ്റുകളും 18, 20 ഓവറുകൾ ബോൾ ചെയ്ത ആന്ദ്രെ റസ്സൽ നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ മുംബൈയ്ക്ക് സാധിച്ചില്ല. പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.

ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഒയിൻ മോർഗൻ ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ മുംബൈയിൽ ക്രിസ് ലിന്നിന് പകരം ക്വിന്റൺ ഡി കോക്ക് ടീമിൽ ഇടം നേടി.

മുംബൈയ്ക്ക് വേണ്ടി രോഹിതും ഡി കോക്കും ചേർന്നാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ ഡി കോക്കിനെ മടക്കി വരുൺ ചക്രവർത്തി മത്സരം കൊൽക്കത്തയ്ക്ക് അനുകൂലമാക്കി.

ആറുപന്തുകളിൽ നിന്നും വെറും രണ്ട് റൺസ് മാത്രമെടുത്ത ഡി കോക്കിനെ വരുൺ രാഹുൽ ത്രിപത്രിയുടെ കൈയിലെത്തിച്ചു. ഡി കോക്ക് പുറത്താവുമ്പോൾ രണ്ടോവറിൽ 10 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലായി മുംബൈ.

ഡി കോക്കിന് പകരം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹർഭജൻ സിങ് എറിഞ്ഞ മൂന്നാം ഓവറിൽ മൂന്ന് ബൗണ്ടറികൾ നേടിക്കൊണ്ട് വരവറിയിച്ചു. രോഹിത് ശർമയെ കൂട്ടുപിടിച്ച് സൂര്യകുമാർ മുംബൈ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. ഇരുവരും ബാറ്റിങ് പവർപ്ലേയിൽ 42 റൺസ് നേടി. 7.3 ഓവറിൽ മുംബൈ സ്‌കോർ 50 കടന്നു. പിന്നാലെ രോഹിതും സൂര്യകുമാറും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

പിന്നാലെ സൂര്യകുമാർ യാദവ് അർധസെഞ്ചുറി പൂർത്തിയാക്കി. പാറ്റ് കമ്മിൻസിന്റെ പന്തിൽ 99 മീറ്റർ നീളമുള്ള ഒരു പടുകൂറ്റൻ സിക്സ് നേടിയാണ് താരം ഐ.പി.എല്ലിലെ തന്റെ 12-ാം അർധസെഞ്ചുറി നേടിയത്. 33 പന്തുകളിൽ നിന്നാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.

എന്നാൽ അർധസെഞ്ചുറി പൂർത്തിയാക്കിയതിനുപിന്നാലെ സൂര്യകുമാറിനെ ഷാക്കിബ് അൽ ഹസ്സൻ പുറത്താക്കി. 36 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെ 56 റൺസ് നേടിയാണ് താരം ക്രീസ് വിട്ടത്.

സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷന് പക്ഷേ തിളങ്ങാനായില്ല. മൂന്നു പന്തുകളിൽ നിന്നും ഒരു റൺസ് മാത്രമെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പ്രസിദ്ധ് കൃഷ്ണയുടെ കൈയിലെത്തിച്ചു. ഇതോടെ 86 ന് ഒന്ന് എന്ന നിലയിൽ നിന്നും 88 ന് മൂന്ന് എന്ന സ്‌കോറിലേക്ക് മുംബൈ വീണു.

പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ശർമ ടീം സ്‌കോർ 13.5 ഓവറിൽ 100 കടത്തി. പിന്നീട് സ്‌കോറിങ്ങിന് വേഗം കുറഞ്ഞതോടെ മുംബൈ വിയർത്തു. 15.2 ഓവറിൽ രോഹിത് ശർമ കൂടി പുറത്തായതോടെ മുംബൈ 115 ന് നാല് വിക്കറ്റ് എന്ന നിലയിലായി. 32 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും ഒരു സിക്സിന്റെയും സഹായത്തോടെ 43 റൺസെടുത്ത രോഹിത്തിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസ് വീഴ്‌ത്തി.

തൊട്ടടുത്ത ഓവറിൽ ഹാർദിക് പാണ്ഡ്യയെ മടക്കി പ്രസിദ്ധ് കൃഷ്ണ മുംബൈ ഇന്ത്യൻസിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ മുംബൈ 123 ന് അഞ്ച് എന്ന നിലയിലായി. അതിനുപിന്നാലെയുള്ള ഓവറിൽ വെറും അഞ്ച് റൺസെടുത്ത പൊള്ളാർഡിനെ ആന്ദ്രെ റസ്സൽ പുറത്താക്കി. തൊട്ടടുത്ത പന്തിൽ യുവതാരം ജാൻസനെയും പുറത്താക്കി റസ്സൽ മുംബൈയ്ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇതോടെ മുംബൈ സ്‌കോർ 126 ന് ഏഴ് എന്ന നിലയിലായി.

അവസാന ഓവറുകളിൽ തകർത്തുകളിച്ച ക്രുനാൽ പാണ്ഡ്യയാണ് മുംബൈ സ്‌കോർ 150 കടത്തിയത്. ഒൻപത് പന്തുകളിൽ നിന്നും 15 റൺസെടുത്ത ക്രുനാലിനെ അവസാന ഓവറിൽ റസ്സൽ പുറത്താക്കി. തൊട്ടടുത്ത പന്തിൽ ബുംറയെയും താരം പവലിയനിലേക്ക് മടക്കി. അവസാന പന്തിൽ ബോൾട്ടിനെയും മടക്കി റസ്സൽ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. താരത്തിന്റെ ഏറ്റവും മികച്ച ട്വന്റി 20 ബൗളിങ് പ്രകടനമാണിത്.

രണ്ടോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകിയാണ് താരം അഞ്ചുവിക്കറ്റ് വീഴ്‌ത്തിയത്. റസ്സലിന് പുറമേ പാറ്റ് കമ്മിൻസ് കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ, ഷാക്കിബ് അൽ ഹസ്സൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.