കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കടത്തികൊണ്ട് പോയി പാലക്കാട് സ്വദേശിയായ യുവാവ്. പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ ഇരുവേയും മണിക്കൂറിനുള്ളിൽ പിടികൂടി. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷമാണ് ഇയാൾ പതിനേഴ്കാരിയെ കടത്തിക്കൊണ്ട് പോയത്.അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

പാലക്കാട് ചിറ്റൂർ ചാത്തമംഗലത്ത് പഴയ പാത കണ്ണാട് വീട്ടിൽ ബിനുവിനെ (23) ആണ് അഞ്ചാലുംമൂട് എസ്‌ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ഫേസ്‌ബുക് വഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി കടത്തിക്കൊണ്ടു പോവുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിച്ചു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവാഹ പ്രായമെത്തിയതായി കാണിക്കാൻ പെൺകുട്ടിയുടെ സർട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും സംഘടിപ്പിച്ചിരുന്നു. പോക്‌സോ പ്രകാരം അറസ്റ്റിലായ ബിനുവിനെതിരെ പാലക്കാട്ടെ പൊലീസ് സ്റ്റേഷനുകളിൽ മറ്റു കേസുകളുമുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.