കൂത്താട്ടുകുളം: തെരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാൻ ചാരായം വാറ്റിയത് സ്ഥാനാർത്ഥിയുടെ വീട്ടിൽ. എല്ലാറ്റിനും നേതൃത്വം നൽകിയത് സ്ഥാനാർത്ഥിയുടെ ഭർത്താവും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാരായവും വാറ്റുപകരണങ്ങളും കയ്യോടെ പൊക്കിയ എക്സൈസ് സംഘം സ്ഥാനാർത്ഥിയുടെ ഭർത്താവിനെയും അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം നഗരസഭയിൽ കോൺ​ഗ്രസ് റി​ബലായി മത്സരിക്കുന്ന മേരിയുടെ വീട്ടിലാണ് ചാരായം വാറ്റിയത്. ഇടയാർ പീടികപ്പടിക്ക് സമീപം കുഴുപ്പിള്ളിൽ കെ.എ സ്‌കറിയ ആണ് അറസ്റ്റിലായത്. സ്‌കറിയയുടെ ഭാര്യ മേരി നഗരസഭയിലെ 24ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്.

കോൺഗ്രസ് അംഗമായിരുന്ന മേരി പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. പാർട്ടിക്കെതിരെ വിമത സ്ഥാനാർത്ഥിയായി മത്സര രംഗത്ത് എത്തിയതോടെ മേരിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയിരുന്നു. ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായാണ് ചാരായം വാറ്റിയതെന്ന് സ്‌കറിയ മൊഴി നൽകിയിട്ടുണ്ട്.

ഇടയാറിൽ വീടിനുള്ളിൽ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിറവം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.മൂന്നര ലിറ്റർ ചാരായവും, ഒന്നര ലിറ്റർ വിദേശമദ്യവും, അടുത്ത വാറ്റിനായി തയാറാക്കി വെച്ചിരുന്ന 50 ലിറ്റർ വാഷ്, കുക്കർ, സ്റ്റൗ അനുബന്ധ ഉപകരണങ്ങൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് ക്ലാർവിൻ, സാബു കുര്യാക്കോസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉന്മേഷ്, ജയദേവൻ, വിനോദ്, ഹരിദാസ്, ജിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.കെ.സൗമ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.