കോട്ടയം: കേരളത്തിലെ അറിയപ്പെടുന്ന സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നാണ് കൊശമറ്റം ഫിനാൻസ്. എന്നാൽ, ഈ കമ്പനിയുടെ പേരിനെ ചൊല്ലിയുള്ള തര്ക്കം ഇപ്പോൾ കോടതി കയറിയിരിക്കയാണ്. കൊശമറ്റം എന്ന പേരിനോട് സാമ്യമുള്ള ബിസിനസ് നാമം, അംഗീകാരമില്ലാത്തവർ ഉപയോഗിക്കുന്നതും പരസ്യം ചെയ്യുന്നതും തടഞ്ഞ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

കോട്ടയം ജില്ലാ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോട്ടയം എം.എൽ.റോഡിൽ രജിസ്റ്റേർഡ് ഓഫീസോടെ പ്രവർത്തിക്കുന്ന കൊശമറ്റം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ മാത്യു ചെറിയാൻ അറിയിച്ചു. തങ്ങളുടെ സൽപ്പേരിനെ മോശമാക്കുംവിധം ഈ പേര് ദുരുപയോഗിക്കുന്നത് ശ്രദ്ധയിൽ വന്നതിനെത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്.

പാലാ ജോസഫ് ആർക്കേഡിൽ കൊശമറ്റം ഫിൻകോർപ്പ് എന്ന സ്ഥാപനത്തിന്റെയും പാലാ മൂൺസ് മാർട്ട് ബിൽഡിങ്ങിൽ കെ.വി.കൊശമറ്റം നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും മാനേജിങ് പാർട്‌നർ ആയ ബിബിൻ തോമസോ അദ്ദേഹത്തിന്റെ പ്രതിനിധികളോ കൊശമറ്റം എന്ന പേരുപയോഗിക്കാൻ പാടില്ലെന്ന് കോടതി വിധിച്ചു. ഓഗസ്റ്റ് 27-നാണ് വിധി വന്നത്.

ബിബിൻ തോമസ് കൊശമറ്റം ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന സ്ഥാപനം അഗളിയിൽ 2013-ൽ തുടങ്ങിയിരുന്നു. പരാതിയെത്തുടർന്ന് ഇത് അടച്ചിരുന്നു. കൊശമറ്റം ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന പേരിൽ ഇവർ മണർകാട് തുടങ്ങിയ സ്ഥാപനവും പരാതിയെത്തുടർന്ന് അടച്ചതാണ്. കൊശമറ്റം ഫിനാൻസ് എന്ന സ്ഥാപനത്തോട് സാമ്യമുള്ള ബോർഡുവെച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ ഇടപാടുകാർ ജാഗ്രത പുലർത്തണമെന്നും കൊശമറ്റം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് അഭ്യർത്ഥിച്ചു.