കോതമംഗലം: സ്ഥാനാർത്ഥിയായ ഭാര്യയുടെ പോസ്റ്ററൊട്ടിക്കാൻ രാത്രിയിൽ തലയിൽ മുണ്ടിട്ടിറങ്ങിയ വില്ലേജ് ഓഫീസർ എതിരാളികളുടെ ക്യാമറയിൽ കുടുങ്ങി.

നഗരസഭയിലെ 5-ാം വാർഡിൽ മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാർത്ഥിയുടെ ഭർത്താവ് രാത്രിയിൽ തലയിൽ മുണ്ടിട്ട് സ്‌കൂട്ടറിൽ സഞ്ചരിച്ച് പോസ്റ്റർ ഒട്ടിക്കയ്ക്കുന്നതായിട്ടുള്ള വീഡിയോ ദൃശ്യമാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ലിസ്സി പോളാണ് ഇവിടെ യൂഡിഎഫ് സ്ഥാനാർത്ഥി.ഭർത്താവ് പോൾ പിണ്ടിമന വില്ലേജ് ഓഫീസറാണ്.

സി പി എം പിണ്ടിമന ബ്രാഞ്ച് സെക്രട്ടറി ഷാജി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.പുലർച്ചെ 4 മണിയോടെ പോളും മകനും ചേലാട് പെട്രോൾ പമ്പിന് സമീപം പോസ്റ്റർ ഒട്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും തുടർന്ന് ഇവരുടെ ദൃശ്യം പകർത്തുകയായിരുന്നെന്നുമാണ് ഷാജി മറുനാടനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

വിഡിയോ എടുക്കുന്നതിനിടെ പോളിനോടൊപ്പമുണ്ടായിരുന്ന മകൻ തടയാൻ ശ്രമിച്ചെന്നും തന്റെ കൂടെയുണ്ടായിരുന്ന ആളുടെ പുറത്ത് തട്ടിയെന്നും സംഭവത്തിൽ നാളെ ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഷാജി വ്യക്തമാക്കി.

ദൃശ്യം ചിത്രീകരിക്കുമ്പോൾ പോളിന്റെ മകൻ തടയാൻ ശ്രമിക്കുന്നതും ഈയവസരത്തിൽ എതിർഭാഗത്തുനിന്നുള്ളവർ രോക്ഷത്തോടെ പ്രതികരിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയിലുണ്ട്.മുമ്പ് ലിസ്സി പോൾ സിപിഐ ടിക്കറ്റിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.

ഇടക്കാലത്ത് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ ഇവർ ഇപ്പോൾ കേരളകോൺഗ്രസ്സ് ജോസഫ് വിഭാഗം പ്രതിനിധിയാട്ടാണ് മത്സരരംഗത്തെത്തിയിരിക്കുന്നത്.സിപിഐ നേതൃത്വം നൽകുന്ന സർക്കാർ ജീവനക്കർ അംഗങ്ങളായ സംഘടനയുടെ സജിവ പ്രവർത്തകനായിരുന്നു പോൾ.അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പോൾ സംഘടന വിട്ടതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

വീഡിയോ ദൃശ്യത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോൾ തനിക്കൊന്നും അറിയില്ലെന്നാണ് വില്ലേജ് ഓഫീസർ പോൾ മറുനാടനോട് പ്രതികരിച്ചത്.വില്ലേജ് ഓഫീസറുടെ വിഡിയോ പ്രചരിച്ചതായുള്ള വിവരം തന്റെ ശ്രദ്ധിയിൽപെട്ടിട്ടില്ലന്ന് കോതമംഗലം തഹസിൽദാരും പ്രതികരിച്ചു.