കൊട്ടാരക്കര : മാസ്‌കില്ലാതെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കൂട്ടർക്കും കടൽത്തീരത്ത് ഉല്ലസിക്കാം. ആരും ഒന്നും പറയില്ല. കൈയടിക്കുകയും ചെയ്യും. എന്നാൽ പാവങ്ങൾ മാസ്‌ക് താഴ്‌ത്തിയാൽ പിഴയും. ഇതാണ് സമത്വ സുന്ദര കേരളം.

മാസ്‌ക് താഴ്‌ത്തിയിട്ട് കപ്പലണ്ടിതിന്നതിന് തൊഴിലാളിക്ക് പൊലീസ് 500 രൂപ പിഴചുമത്തിയത് വലിയ പ്രതിഷേധങ്ങൾക്കാണ് ഇട നൽകുന്നത്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. വൻകിട ഹോട്ടലിലും മറ്റും ഭക്ഷണം കഴിക്കാൻ എത്തുന്നവർ മാസ്‌ക് താഴ്‌ത്തിയാണ് ആഹാരം കഴിക്കുന്നത്. ചൈനീസ് വിഭവങ്ങൾ കഴിക്കാൻ മാസ്‌ക് പൂർണ്ണമായും താഴ്‌ത്തേണ്ടതുണ്ട്. അവിടെ ഒന്നും ആർക്കും പിഴയില്ല.

ഇവിടെയാണ് കൊട്ടാരക്കര സംഭവം ചർച്ചയാകുന്നത്. പിഴ അടയ്ക്കാൻ ആ പാവത്തിന്റെ കൈയിൽ അഞ്ഞൂറു രൂപ ഉണ്ടായിരുന്നില്ല. കൈയിൽ കാശില്ലാത്തവരാണ് പത്ത് രൂപയ്ക്ക് കപ്പലണ്ടി വാങ്ങി കഴിച്ച് വിശപ്പെടക്കുന്നത്. ഇവരെയാണ് പൊലീസ് ക്രിമിനലുകളെ പോലെ കൈകാര്യം ചെയ്യുന്നത്. കൊട്ടാരക്കരയിൽ പിഴയടയ്ക്കാൻ ആ പാവത്തിന്റെ കൈയിൽ കാശില്ലായിരുന്നു.

പിഴയടയ്ക്കാൻ പണമില്ലാത്തതിനാൽ ഇയാളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവർത്തകനെത്തിയാണ് ജാമ്യത്തിലിറക്കിയത്. ചാലിയക്കര എസ്റ്റേറ്റിൽ 600 രൂപ ദിവസക്കൂലിക്കു ജോലിക്കുപോയി മടങ്ങവെയാണ് പൊലീസ് പെറ്റിയടിച്ചത്. ബസ് സ്റ്റാൻഡിൽ സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് താഴ്‌ത്തിയിട്ടിരുന്നു തുടങ്ങിയവയാണ് കുറ്റങ്ങൾ.

തോട്ടംമുക്കിലേക്കുള്ള ബസ് എത്താൻ സമയമുള്ളതിനാൽ കപ്പലണ്ടി വാങ്ങി കൊറിച്ചു എന്നതുമാത്രമാണ് താൻ ചെയ്ത തെറ്റെന്ന് തൊഴിലാളി പറയുന്നു. ജയ് ഭീം എന്ന സിനിമയും അതുയർത്തുന്ന സാമൂഹിക ഉത്തരവാദിത്തവും കൊച്ചു കേരളത്തിലും വലിയ ചർച്ചയാണ്. ജസ്റ്റീസ് ചന്ദ്രവിന്റെ സാധാരണക്കാരുടെ പോരാട്ടം കമ്യൂണിസത്തിന്റെ വിജയമായി സൈബർ സഖാക്കളും ആഘോഷിക്കുന്നു. ഇവിടെയാണ് കൊട്ടാരക്കരയിൽ പാവത്തിന് മാസ്‌ക്ക് താഴ്‌ത്തിയതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്.