അഹമ്മദാബാദ്: ഗുജറാത്തിൽ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 200 രൂപ വരെയാണ് ചില്ലറ വിപണിയിൽ വില ഉയർന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ജനം വീടുകളിൽ ചെറുനാരങ്ങ സ്റ്റോക്ക് ചെയ്യുന്നതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞമാസം 40 രൂപയായിരുന്നു ഒരു കിലോ ചെറുനാരങ്ങയ്ക്ക് വഡോദരയിലുള്ള വില. ഇതാണ് ദിവസങ്ങൾക്കകം കുതിച്ചുയർന്നത്. നിലവിൽ കിലോയ്ക്ക് 200 രൂപ വരെ വില ഉയർന്നിരിക്കുകയാണ്. കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ആവശ്യകത ഉയർന്നതാണ് വില ഉയരാൻ കാരണം.

ജനം നാരങ്ങ വാങ്ങി വീടുകളിൽ സ്റ്റോക്ക് ചെയ്യുകയാണ്. മണിക്കൂറുകൾക്കിടെ കിലോ കണക്കിന് നാരങ്ങയാണ് വിറ്റുപോകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ആവശ്യകത ഉയർന്നതോടെ, അടുത്ത സംസ്ഥാനങ്ങളിൽ നിന്ന് വരെ ചെറുനാരങ്ങ എത്തിക്കാൻ തുടങ്ങിയിരിക്കുകയാണ്.