കൊച്ചി: മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ വ്യവസായ സംരംഭത്തിന് ദിവസങ്ങൾക്കുള്ളിൽ പരാതി പരിഹാരം ഉണ്ടായതിന്റെ സന്തോഷവുമായി ഒരു വ്യവസായി. ജൂലൈ മാസം 15 നാണ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ ഏബിൾ പ്ലൈവുഡ് ഇൻഡസ്ട്രീസ് ഉടമ ഇ .എം കോയൻ എത്തിയത്.

8 വർഷം മുൻപ് നാലര ലക്ഷം രൂപ മുതൽ മുടക്കിയാണ് അനുമതി ലഭിച്ചത്. എന്നാൽ പിന്നീട് വനം വകുപ്പ് അനുമതി പുതുക്കി നൽകിയില്ല. 8 വർഷങ്ങമായി പ്രവർത്തിക്കുന്ന തന്റെ വ്യവസായ സ്ഥാപനത്തിന് അകാരണമായി വനം വകുപ്പ് അനുമതി നിഷേധിച്ചെന്ന പരാതിയുമായി എത്തിയ കോയയുടെ സ്ഥാപനത്തിന് മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് അനുമതി ലഭ്യമായി .

6 മാസമായി പരിഹാരം ലഭിക്കാതിരുന്ന തന്റെ ന്യായമായ പരാതിയിൽ കാലതാമസം കൂടാതെ പരിഹാരം കണ്ടെത്താൻ സാധിക്കുന്ന സാഹചര്യം ഒരുങ്ങിയതിൽ സന്തോഷം ഉണ്ട്. വ്യവസായ പരിഹാര അദാലത്തുകൾ വ്യവസായികൾ നേരിടുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് വഴിതെളിക്കും. കോവിഡ് പ്രതിസന്ധിക്കിടയിലും ഒരു പ്ലൈവുഡ് യൂണിറ്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഇ . എം കോയൻ തിങ്കളാഴ്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിൽ നടന്ന വ്യവസായ പരാതി പരിഹാര അദാലത്തിൽ അറിയിച്ചു.

മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ തുടർച്ചയായി കളക്റ്റ്രേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ ജില്ലാ കളക്ടർ ജാഫർ മലിക്, സബ് കളക്ടർ ഹാരിസ് റഷീദ്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.