കോഴിക്കോട്: കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോർട്ടിനെത്തുടർന്നുള്ള വിവാദം പുകയുന്നതിനിടെ പല നിർണ്ണായക രേഖകളും കെടിഡിഎഫ്‌സിയുടെ കൈയിൽ ഇല്ലെന്ന് സൂചന. ഐഐടിയുടെ പഠന റിപ്പോർട് വിശ്വാസയോഗ്യമല്ലെന്നും അത് പുറത്തുവിടണെമെന്നും ആർകിടക്ട്. സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പുകാരൻ അറിയിച്ചിട്ടുണ്ട്. അതിനിട കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം കാണിക്കുന്ന ഐഐടിയുടെ പഠന റിപ്പോർട്ട് പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും ഇരട്ട സമുച്ചയം നിർമ്മാണത്തിന് നേതൃത്വം നൽകിയ ആർക്കിടെക്ട് ആർ.കെ രമേശ് വിശദീകരിച്ചിരുന്നു. ആർകെ രമേശിനെതിരേയും കേസെടുക്കണമെന്നാണ് ആവശ്യം. ഇതിനിടെയാണ് പ്രതിരോധം തീർത്ത് ആർക്കിടെക്ട് രംഗത്ത് വരുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആർക്കിടെക്ട് രമേശിനെ ചുമതലപ്പെടുത്തിയത് കെ എസ് ആർ ടി സിയാണ്. ഇതിനായുള്ള വർക്ക ഓർഡറും നൽകി. പിന്നീട് കെടിഡിഎഫ്‌സി ഉൾപ്പെടെയുള്ളവർ ട്രൈപാർട്ടി കരാറിൽ ഒപ്പിട്ടു. ആർകെ രമേശിന്റെ വർക്ക് ഓർഡറിനെ കുറിച്ച് ഇതിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ വർക്ക് ഓർഡർ എന്തെന്ന് ആർക്കും അറിയില്ല. കെഡിഎഫ്‌സിയുടെ കൈയിൽ ഈ വർക്ക് ഓർഡർ ഇല്ലെന്നാണ് സൂചന. കെ എസ് ആർ ടി സിയിലും അത് ഇതുവരെ എടുത്തു നൽകിയിട്ടില്ല. വർക്ക് ഓർഡർ ഇല്ലെങ്കിൽ ആർകെ രമേശിന് നൽകിയ ചുമതലയിൽ വ്യക്തത വരാതെയാകും. പ്ലാൻ വരയ്ക്കുന്നതിന് അപ്പുറം മേൽനോട്ടവും ഈ ആർക്കിടെക്കിനെ ഏൽപ്പിച്ചിരുന്നോ എന്ന് അറിയാൻ ഈ വർക്ക് ഓർഡർ അതിനിർണ്ണായകമാണ്.

അതിനിടെ കോഴിക്കോട്ടെ സമുച്ഛയത്തിൽ വൻ ക്രമക്കേടുണ്ടെന്നാണ് ഐഐടിയുടെ പഠനം വ്യക്തമാക്കുന്നത്. തൂണുകൾക്ക് മാത്രമല്ല ബലക്ഷയം. അസ്ഥിവാരവും തീരെ പോരെന്നാണ് കണ്ടെത്തൽ. ഇത്രയേറെ നിലകൾ താങ്ങാനുള്ള കരുത്ത് ഈ അസ്ഥിവാരത്തിന് ഇല്ലത്രേ. അതുകൊണ്ട് തന്നെ മുകളിലത്തെ രണ്ടു നില പൊളിച്ചു മാറ്റണമെന്നാണ് ശുപാർശ. അസ്ഥിവാരം ബലപ്പെടുത്താൻ സമാന്തര കോൺക്രീറ്റ് ബലപ്പെടുത്തൽ ഉൾപ്പെടെ ഈ പഠന റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഇത് സർക്കാർ ഇനിയും പുറത്തു വിട്ടിട്ടില്ല. അതീവ രഹസ്യമായി ഈ പഠനം റിപ്പോർട്ട് സൂക്ഷിക്കാനാണ് നിർദ്ദേശം. കെടിഡിഎഫ്‌സി എംഡി കൂടിയായ ബി അശോക് ഐഎഎസ് അടിയന്തര ഇടപെടലുകളാണ് ഈ വിഷയത്തിൽ നടത്തുന്നത്. ഐഐടിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുക സർക്കാരിന് വൻ ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതിനിടെ പ്രതിരോധം തീർത്ത് ആർക്കിടെക്ട് ആർകെ രമേശും രംഗത്ത് വരികയാണ്. ഐഐടി സംഘം കെഎസ്ആർടിസി കെട്ടിട സമുച്ചയത്തെക്കുറിച്ച് പഠിക്കാനെത്തിയപ്പോൾ ആർക്കിടെക്ടായ തന്നെയോ സ്ട്രച്ചറൽ എൻജിനീയറെയോ ബന്ധപ്പെട്ട് വിവരം തേടിയില്ല. കെട്ടിടത്തിന്റെ രൂപകൽപ്പന പോലും പരിശോധിച്ചിട്ടില്ല. അവരുടെ പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. വിദഗ്ധ അഭിപ്രായം കേൾക്കാതെ കേവലം ഒറ്റ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടികളുടെ നവീകരണം നടത്തരുത്. കെട്ടിട നിർമ്മാണത്തിൽ തകരാറുകൾ ഉണ്ടെങ്കിൽ തന്നെ ബലക്ഷയം മാറ്റാൻ 30 കോടി രൂപാ ചെലവാകില്ലെന്നും രമേശ് പറയുന്നു.

ഇതിൽ സംശയകരമായ സാഹചര്യണ്ട്. ആരെയോ സഹായിക്കാനുള്ള ഗൂഡ നീക്കമാണിത്. രാഷ്ട്രീയം കളിക്കുന്നതായും സംശയമുണ്ട്.റിപ്പോർട്ട് പരിഭ്രാന്തി പരത്താനാണ്. കെടിഡിഎഫ്സി ആവശ്യപ്പെട്ട പ്രകാരം സ്ട്രക്ചറൽ ഡ്രോയിങ്ങുകളും കാൽക്കുലേഷനും 2018 ജൂലൈ 14 ന് ഏൽപ്പിച്ചതാണ്. കിറ്റ്‌കോ പരിശോധിച്ച് നിർമ്മാണത്തിൽ അപാകമില്ലെന്ന് സാക്ഷ്യപ്പെടുത്തിയതുമാണ്-ആർ.കെ രമേശ് വ്യക്തമാക്കി. കെഎസ്ആർടിസി സമുച്ചയത്തിന്റെ ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികളുടെ ആർക്കിടെക്ടാണ് രമേശ്. മാനാഞ്ചിറ സ്‌ക്വയർ, സരോവരം ബയോപാർക്ക്, നവീകരിച്ച മിഠായിത്തെരുവ് തുടങ്ങിയ നിരവധി പദ്ധതികൾ രൂപകൽപന ചെയ്തത് ആർ.കെ രമേശാണ്.

അതേസമയം കെഎസ്ആർടിസി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് നടത്തിപ്പ് ചുമതലയുള്ള അലിഫ് ബിൽഡേഴ്സ് എം.ഡി കെ.വി മൊയ്തീൻ കോയ പറഞ്ഞു. ടെണ്ടറിലൂടെയാണ് കെഎസ്ആർടിസി വാണിജ്യ സമുച്ചയം അലിഫ് ബിൽഡേഴ്സ് നടത്തിപ്പിനായി ഏറ്റെടുത്തത്. നിർമ്മിച്ചിരിക്കുന്ന രീതിയിൽ കെട്ടിടം ഉപയോഗിക്കാൻ സാധ്യമല്ലെന്നും കെട്ടിടം നവീകരിക്കണമെന്നും ഉദ്ഘാടന സമയത്ത് മന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നു.

പക്ഷെ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി ആരും അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ സമുച്ചയം അപകട ഭീഷണയിലാണെന്ന റിപ്പോർട്ട് പുറത്ത് വന്നതിനാൽ അത് പരിഹരിക്കാൻ കെടിഡിഎഫ്സി തയ്യാറാകണം-കെ.വി മൊയ്തീൻ കോയ പറഞ്ഞു.