കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാർഥ്. ഫേസ്‌ബുക്കിലൂടെയായിരുന്നു സിദ്ധാർഥിന്റെ പ്രതികരണം.

''അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾക്കും കരുതലിനും സ്നേഹത്തിനും നന്ദി''- സിദ്ധാർഥ് കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് കെ.പി.എ.സി ലളിത. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.