കൊച്ചി : നടി കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുകയാണ് ഇപ്പോൾ ബന്ധുക്കൾ. ദാതാവിനെ തേടിയുള്ള മകൾ ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. ചികിത്സക്കായി സംസ്ഥാന സർക്കാരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കെപിഎസി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന് മകൾ ശ്രീക്കുട്ടിയുടെ കുറിപ്പിൽ പറയുന്നു. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവയ്ക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം.

ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്