തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച വിവാദങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കുമിടെ കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണച്ച് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങൾ. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിള്ളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ് എന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

'കാത്തിരിപ്പിനറുതിയായി. 14 ജില്ലാ കോൺഗ്രസ് കമ്മറ്റികൾക്കും പുതിയ പ്രസിഡന്റുമാരായി. അവരിൽ വയോധികരുണ്ട്, മധ്യവയസ്‌ക്കകരുണ്ട്, യുവാക്കളുമുണ്ട്. ഡിസിസി അധ്യക്ഷരുടെ പട്ടികയോടൊപ്പം ശിവദാസൻ നായർക്കും അനിൽ കുമാറിനുമുള്ള സസ്പെൻഷൻ ഉത്തരവും പുറത്തിറങ്ങി. അതും അവരുടെ വിവാദ പരാമർശം കഴിഞ്ഞു മണിക്കൂർ തികയും മുമ്പേ. ഒരു കാര്യം വ്യക്തമായി. തെന്നല ബാലകൃഷ്ണപിള്ളയല്ല, മുല്ലപ്പള്ളി രാമചന്ദ്രനുമല്ല കുമ്പക്കുടി സുധാകരനാണ് ഇപ്പോൾ കെപിസിസി പ്രസിഡന്റ്'. എന്നാണ് അഡ്വ. ജയശങ്കർ ഫേസ്‌ബുക്കിൽ പ്രതികരിച്ചത്.


ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കുന്നതിന് വേണ്ടത്ര ചർച്ച നടത്തിയിട്ടില്ലെന്ന തരത്തിൽ ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യ വിമർശനം ഉയർത്തുന്നതിനിടെ നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന രാഹുൽ ഗാന്ധിക്കും KPCC നേതൃത്വത്തിനും ഒരായിരം അഭിനന്ദനങ്ങൾ. പാർട്ടിയുടെ ചെലവിൽ ജീവിച്ച് പാർട്ടിക്കെതിരെ കുരക്കുന്ന കുലംകുത്തികൾക്ക് പാർട്ടിക്ക് പുറത്തായിരിക്കും ഇനിയുള്ള കാലം സ്ഥാനമെന്ന് ഓർമ്മിപ്പിക്കുന്ന ധീരമായ നിലപാട് സ്വീകരിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ ആർജ്ജവമുള്ള മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ ആവേശം. എന്നാണ് ഒരു കമന്റിൽ പറയുന്നത്.

ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ കോൺഗ്രസിന് രക്ഷപെടാനുള്ള അവസാന കച്ചിത്തുരുമ്പാണ് ഇത്. ഇവിടെ രക്ഷപെട്ടില്ലങ്കിൽ ഇനിയൊരിക്കലും കേരളത്തിൽ കോൺഗ്രസ് ഗതി പിടിക്കില്ല. അത് ഇവിടുത്തെ കെ എസ് യുക്കാർ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള പ്രവർത്തകർ മനസ്സിലാക്കിയാൽ നല്ലത് എന്ന് മറ്റൊരാൾ പറയുന്നു.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അംഗീകരിച്ച ഡിസിസി ലിസിറ്റിനെതിരെ ചാനലുകളിൽ ഇരുന്ന് ആക്ഷേപിച്ച് പരസ്യമായി പാർട്ടിയെ അവഹേളിച്ച പ്രസ്താവനയിറക്കിയ കെ.പി സി സി സംഘടനാ ചുമതലയുണ്ടായിരുന്ന ജന സെക്രട്ടറി കെ പി അനിൽകുമാറിനെയും മുൻ എംൽഎ ശിവദാസൻ നായരെയും സസ്‌പെൻഡ് ചെയ്തു. ഇതാവണം കോൺഗ്രസ് എന്തും വിളിച്ച് കൂവുന്നവർക്ക് ഇത് പാഠമാവട്ടെ. എന്റെ കോൺഗ്രസ് എന്ന് മറ്റൊരു കമന്റിൽ പറയുന്നു.