മലപ്പുറം: കോൺഗ്രസ്സിൽ മാറ്റത്തിന്റെ കാഹളമോതി ജനജാഗരൺ യാത്ര.ഗ്രൂപ്പിസത്തിൽ നിന്നുമാറി ഒരൊറ്റ നേതൃത്വത്തിലേക്ക് എത്തിയാൽ അത് അണികൾക്കും പാർട്ടിക്കും ഉണ്ടാക്കുന്ന നേട്ടം ചെറുതല്ലെന്ന് അരക്കിട്ട് ഉറപ്പിക്കുകയാണ് ജനജാഗരൺ യാത്രയിലെ പ്രവർത്തകരുടെ പങ്കാളിത്തം.നിയമസഭ തെര്‌ഞ്ഞെടുപ്പിലെ തോൽവിയും ഗ്രൂപ്പുവഴക്കുകളും ഒക്കെ കൊണ്ട് നിർജീവാവസ്ഥയിലായ കേരളത്തിലെ കോൺഗ്രസ്സിന് പുതുജീവൻ പകരുകയാണ് കെ സുധാകരന്റെ നേതൃത്വം.സെമികേഡർ എന്നൊക്കെ പറയുമ്പോൾ വിഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ഒരു കൃത്യമായ നേതൃത്വം ഉണ്ടെങ്കിൽ പരിഹരിക്കാവുന്നതെ ഉള്ളൂ സംസ്ഥാനത്തെ കോൺഗ്രസ്സിലെ പ്രശ്‌നങ്ങൾ എന്ന് കെ സുധാകരൻ തെളിയിക്കുന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ജനജാഗരൺ യാത്രയിൽ അണിനിരന്ന പ്രവർത്തകർ പാർട്ടിയിൽ സുധാകരൻ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങൾക്കും നടത്തുന്ന പ്രവർത്തനങ്ങൾക്കും ഉള്ള പിന്തുണയാണ്.പതിനായിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ - ദ്രോഹ നയങ്ങൾക്കെതിരെ ഇന്നലെ മലപ്പുറത്ത്് കോൺഗ്രസ്സിന്റെ ശബ്ദമുയർന്നത്. എഐസിസിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്രസർക്കാറിനെതിരെ രാജ്യവ്യാപകമായി ജനജാഗരൺ യാത്ര സംഘടിപ്പിക്കുന്നത്.മികച്ച നേതൃത്വം നൽകുന്ന ആവേശം ഒരോ ഇടങ്ങളിലേക്കും കൃത്യമായി ചെന്നചേരുന്നുണ്ട്.ജില്ലാ അധ്യക്ഷൻ വി എസ് ജോയിയുടെ സംഘാടനമികവും ഇതിന്റെ തുടർച്ചയാണ്.

ഈ ഒരു വിഷയത്തിൽ മാത്രം ഒതുങ്ങുന്നതല്ല കോൺഗ്രസിലെ മാറ്റത്തിന്റെ സൂചന.മോഫിയ കേസുമായി ബന്ധപ്പെട്ട ആലുവ സമരത്തിലെ വിജയവും ഈ മാറ്റത്തിന് കരുത്തുപകരുന്നുണ്ട്. ആദ്യം നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചും തുടർന്ന് ആരോപണ വിധേയനായ പൊലീസുദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭവുമൊക്കെ കോൺഗ്രസ്സിന്റെ പുനരുജ്ജീവനത്തിന് കരുത്തുപകരുന്നുണ്ട്.മൂന്നു ദിവസങ്ങളിലായി നടന്ന കുത്തിയിരിപ്പ് സമരം കോൺഗ്രസിന്റെയും കേരള രാഷ്ട്രീയത്തിന്റെയും സമീപകാല കാഴ്‌ച്ചകളിൽ വേറിട്ടതാണ്.വിഷയത്തെ പൊലീസ് ആദ്യം ഗൗരവത്തോടെ കണ്ടില്ലെങ്കിലും പിന്നീട് സംഭവത്തിന്റെ ഗൗരവം ബോദ്ധ്യമായി.ഓരോ ദിവസവും ജനപങ്കാളിത്തമേറി വന്നു.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം 50 മണിക്കൂർ നിശ്ചലമാകുന്നത്. പരാതിക്കാർക്ക് ആർക്കും തടസമുണ്ടാക്കാതെയാണ് സമരം നടന്നതെങ്കിലും സമരക്കാരല്ലാതെ ആരും അങ്ങോട്ടുവന്നില്ലായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആരും പുറത്തേക്കും പോയില്ല. ഇതിനിടയിൽ സ്റ്റേഷനകത്ത് നേരിയ തോതിലെങ്കിലും ലാത്തിച്ചാർജ് നടന്നു. ഡി.ഐ.ജിയും എസ്‌പിയും വന്ന വാഹനം ഗേറ്റിൽ തടയുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തതും സമര ചരിത്രത്തിന്റെ ഭാഗമായി. ഇരുവരും ഒടുവിൽ നടന്നാണ് സ്റ്റേഷനിലേക്ക് കയറിയത്.ഭരണഘടനാ സംരക്ഷണദിനത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് സമരം അവസാനിപ്പിച്ചത്. ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമാണ് നേതാക്കാൾ സമരത്തിൽ നിന്നും പിന്മാറിയത്.

മറ്റൊരു പ്രധാന അപചയമായി ഉണ്ടായിരുന്നത് സമകാലീക വിഷയങ്ങളിലെ സമയബന്ധിതമായ ഇടപെടലായിരുന്നു.സിപിഎമ്മിന് സൈബർ വിഭാഗം തന്നെ ഉണ്ടെങ്കിലും കോൺഗ്രസ്സിന് അത് പേരിലൊതുങ്ങുന്ന വിഭാഗം മാത്രമായിരുന്നു.വിഷയത്തിലുള്ള ഇടപെടലുകളും നിലപാട് വ്യക്തമാക്കലും രാഷ്ട്രീയ പ്രതിരോധവുമൊക്കെ ഇതിന്റെ ഭാഗമാണ്.അതിനാൽ തന്നെ ആ രംഗത്തൊക്കെയും കൃത്യം വീഴ്‌ച്ചകൾ ഉണ്ടായിരുന്നു.എ്ന്നാൽ പുതിയ നേതൃത്വത്തിന് കീഴിൽ അതും പരിഹരിക്കപ്പെട്ടുവെന്ന് പകൽപോലെ വ്യക്തമാണ്. ഒന്നോ രണ്ടോ പേരിൽ മാത്രം ഒതുങ്ങി നിന്ന സൈബർ ഇടങ്ങളിലെ രാഷ്ട്രീയ പ്രവർത്തനം ഇന്ന് മികച്ചൊരു കൂട്ടായ്മയക്ക് കീഴിലേക്ക് എത്തിയിട്ടുമുണ്ട്.

അണികൾ നൽകുന്ന ആവേശം നേതൃത്വത്തിനും ഊർജ്ജമാണ്.നിങ്ങളുടെ ആവേശമാണ് എന്റെ ആത്മവിശ്വാസം'ഈ പാർട്ടിയുടെ അടിവേരറുക്കാനാണ് അരനൂറ്റാണ്ട് കാലമായി സംഘപരിവാറിന്റെ കൈയും പിടിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.നടന്നത് തന്നെ!നിങ്ങളൊരുക്കിയ മൂവർണ്ണക്കടൽ അവരോട് പറയുന്നുണ്ട്, ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ഒരിക്കലും പിഴുതെറിയാനാവാത്ത വിധം ആഴത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേരുകൾ പടർത്തിയിരിക്കുന്നുവെന്ന്! എന്ന കെ പി സി സി അധ്യക്ഷന്റെ വാ്ക്കുകൾ ഇത് അടിവരയിടുന്നുണ്ട്.