തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെത്തുടർന്ന് കടുത്തനിലപാടിലേക്ക് കെപിസിസി.നേതാക്കൾക്ക് കൃത്യമായ നിർദ്ദേശം നൽകി കഴിഞ്ഞു.നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി.കെപിസിസിയുടെ നടപടികളിൽ പ്രധാനം നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ നിന്നുള്ള വിലക്കാണ്.ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചക്ക് പോകരുതെന്ന് കെപിസിസി നിർദ്ദേശിച്ചു.

ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദ്ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി.

ഇന്നലെ രാത്രി പുതിയ ഡിസിസി ഭാരവാഹിപ്പട്ടിക പുറത്ത് വിട്ടതോടെയാണ് കോൺഗ്രസ്സിൽ ആഭ്യന്തര കലഹം തുടങ്ങിയത്.14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ കോൺഗ്രസിൽ വൻ കലഹമാണ് നടക്കുന്നത്. ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. ഈ വാദം തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി.

കെപിസിസി അധ്യക്ഷപട്ടികയിൽ ഇത്രയും വിശദമായി ചർച്ച മുൻപ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തി പട്ടിക പുറത്തിറക്കാൻ സാധ്യമല്ല. ഇത്രയും വിശദമായ ചർച്ച നടത്തിയത് ആദ്യമായാണ്. താനും സുധാകരനും ഒരു മൂലയിൽ മാറിയിരുന്ന് ചർച്ച നടത്തിയല്ല പുതിയ പട്ടിക പുറത്തിയിറക്കിയതെന്നും സതീശൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി ലിസ്റ്റിൽ ആരും പെട്ടിതൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. എന്നിട്ടും ഇത്രയും വിമർശനം മാത്രമേ ഉണ്ടായിട്ടുള്ളു. മെറിറ്റ് പരിശോധിക്കണം. ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം വാസ്തവവിരുദ്ധമാണ്. വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു തവണ ചർച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടി നൽകിയ പേരുകൾ ഡയറിയിൽ കുറിച്ചിരിക്കുന്നത് സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിച്ചു.വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. തീരുമാനം നൂറ് ശതമാനം ശരിയാണ് എന്നോന്നും അവകാശപ്പെടുന്നില്ല. പോരായ്മകൾ പരിഹരിക്കുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.