തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം വിശകലനം ചെയ്യാൻ ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നേതാക്കളുടെ പരസ്പരമുള്ള പഴിചാരലിനെതിരെ രൂക്ഷ വിമർശനം. പാർട്ടിയെ സംരക്ഷിച്ച് മുന്നോട്ടുപോകണമെന്നും തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന പൊതുവികാരമാണ് യോഗത്തിലുയർന്നത്.

തോൽവിയിൽ എല്ലാവർക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും അത് തന്റെ തലയിൽ മാത്രം കെട്ടിവെയ്ക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.

മുല്ലപ്പള്ളിയുടെ വിമർശനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോൽവിക്ക് ഒന്നാമത്തെ ഉത്തരവാദി താനാണ് എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പരം പഴിചാരാതെ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഹൈക്കമാൻഡ് തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും രമേശ് ചെന്നിത്തല നിലപാടെടുത്തു.

പാർട്ടിയിലും പാർലമെന്ററി പാർട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് മുൻപാകെ അറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ ഇനിയും അവസരമുണ്ടാക്കരുത്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ബിജെപി അറിഞ്ഞു കൊണ്ട് എൽഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളിൽ എങ്ങനെ വന്നാലും എൽഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനർനിർണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് നേതാക്കളെ വലയിലാക്കാൻ ആർഎസ്എസിൽ നിന്നും വ്യാപകമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ആർഎസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആർഎസ്എസ്സിന് മുതലെടുക്കാൻ അവസരം നൽകരുത് എന്ന കാര്യത്തിലും നേതാക്കൾ കെപിസിസി യോഗത്തിൽ ഒറ്റക്കെട്ടായി ഉറച്ചുനിന്നു.

അതേസമയം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മൂന്ന് സീറ്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി എന്നതും സുധാകരൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്ന് വ്യാപകമായ ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം നടന്നത്. ഹൈക്കമാൻഡ് പറയുകയാണെങ്കിൽ താൻ രാജി നൽകാൻ തയ്യാറാണെന്നും സ്വന്തം നിലയ്ക്ക് രാജിവെക്കില്ലെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ മുൻപ് പറഞ്ഞിരുന്നത്.