കണ്ണൂർ: കോൺഗ്രസിൽ അനുനയ ശ്രമത്തിന്റെ പാതയിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അപ്പോഴും സുധാകരൻ നൽകുന്നത് വിട്ടു വീഴ്ച ഇല്ലെന്ന സന്ദേശം. കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് ഡയറി ഉയർത്തിക്കാട്ടി വിശദീകരിക്കേണ്ടി വന്നതെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറയുന്നു. അങ്ങനെ എ-ഐ ഗ്രൂപ്പുകളെ നേരിടാൻ താൻ തയ്യാറാണെന്ന സന്ദേശം നൽകുകയാണ് സുധാകരൻ. ശുദ്ധീകരണം തുടരുമെന്നും പ്രഖ്യാപിക്കുന്നു.

ഡി.സി.സി. അധ്യക്ഷന്മാരുടെ നിയമനത്തേത്തുടർന്നു കോൺഗ്രസിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചെന്ന ഔദ്യോഗികനേതൃത്വത്തിന്റെ വാദം തള്ളി ഉമ്മൻ ചാണ്ടി-രമേശ് ചെന്നിത്തല സഖ്യം. പാർട്ടിയിൽ പുതുതായി രൂപംകൊണ്ട കെ. സുധാകരൻ-വി.ഡി. സതീശൻ-കെ.സി. വേണുഗോപാൽ അച്ചുതണ്ടിനെതിരായ സംയുക്തപോരാട്ടത്തിനാണ് ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തു തുടക്കംകുറിച്ചത്. ഇതിനിടെയാണ് മാതൃഭൂമി ചാനലിലൂടെ തന്റെ നിലപാടുകൾ സുധാകരനും തുറന്നു പറയുന്നത്. സമവായത്തിന്റെ പേരിൽ കീഴടങ്ങൽ ഉണ്ടാകില്ലെന്നാണ് സുധാകരൻ പറഞ്ഞു വയ്ക്കുന്നത്.

കണ്ണൂരിലെ ചടങ്ങിൽ വി.ഡി. സതീശൻ, ഹൈക്കമാൻഡിനു വേണ്ടി കെ.സി. വേണുഗോപാൽ, താരിഖ് അൻവർ തുടങ്ങിയവർ കെ. സുധാകരനു പൂർണപിന്തുണ പ്രഖ്യാപിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്നുള്ള ഡി.സി.സി, കെപിസിസി. പുനഃസംഘടനയിൽ വിലപേശൽ ശക്തി വർധിപ്പിക്കാനും എ-ഐ സംയുക്തനീക്കം ലക്ഷ്യമിടുന്നു. ഇതിനിടെയാണ് ഇനി ഗ്രൂപ്പിസവും അച്ചടക്ക ലംഘനവും അംഗീകരിക്കില്ലെന്ന സുധാകരന്റെ പ്രഖ്യാപനം. എന്താണ് എതിർപ്പിന് കാരണമെന്നും സുധാകരൻ തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തിൽ.

ഡിസിസി പ്രസിഡന്റ് നിയമനത്തെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിർക്കാൻ കാരണം കയ്യിലിരിക്കുന്ന അധികാര കേന്ദ്രം മാറുന്നവെന്ന ആശങ്കയാവാമെന്ന് സുധാകരൻ പറയുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി ബോധ്യപ്പെടുത്തി മുന്നോട്ടുപോവും-സുധാകരൻ പറഞ്ഞു. സംഘടനയെ ശുദ്ധീകരിക്കാൻ ശ്രമം നടത്തുമ്പോൾ ഇത്രയധികം എതിർപ്പുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. എല്ലാവരും സഹകരിക്കുമെന്ന് കരുതി. അതേസമയം ഇത്തരത്തിൽ വികാരം പ്രകടിപ്പിക്കുന്നവരെ കുറ്റപ്പെടുത്താനും പറ്റില്ല. ഒരുപാട് കാലം കൈയിൽ വെച്ച, സ്വയം നിയന്ത്രിച്ച പാർട്ടിയിലെ അധികാര കേന്ദ്രം മാറുന്നുവെന്ന ആശങ്ക അവരുടെ മനസ്സിൽ കടന്നുവരുമ്പോഴാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവുന്നെതെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ നേതൃരംഗത്ത് നിൽക്കുന്ന ആരേയും മാറ്റിനിർത്തണമെന്ന ആഗ്രഹം തനിക്കില്ല. അങ്ങനെ ചെയ്തിട്ടുമില്ല. രണ്ട് തവണ ചർച്ച ചെയ്തെന്ന് താൻ പറഞ്ഞപ്പോൾ ചെയ്തില്ലെന്ന് അവർ പ്രതികരിച്ചു. അവിടെയാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായത്. തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തപ്പോഴാണ് അത് വിശദീകരിക്കാനാണ് ഡയറി ഉയർത്തിക്കാട്ടിയത്. രമേശ് ചെന്നിത്തലയ്ക്ക് തന്നേക്കാളും പ്രായം കുറവാണ്. തനിക്ക് അതിൽ തർക്കമില്ല. മുതിർന്ന ആളെന്ന നിലയ്ക്കുള്ള ബഹുമാനം തന്നോട് കാണിക്കുമെന്നാണ് പ്രതീക്ഷ. ജംബോ കമ്മിറ്റികളിൽ മാറ്റമുണ്ടാവണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം നേതാക്കളെ ബോധ്യപ്പെടുത്തും. അവർ ഒന്നും അറിയാത്ത ആളുകളല്ലല്ലോ.

അച്ചടക്ക നടപടിക്ക് മുൻകാല പ്രാബല്യമുണ്ടായാൽ എത്ര പേർ കോൺഗ്രസിലുണ്ടാവുമെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്കും കെ സുധാകരൻ മറുപടി പറഞ്ഞു. താൻ അച്ചടക്കം ലംഘിച്ചിട്ടില്ല. അത്തരത്തിൽ ഒരു പ്രസ്താവന പോലും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. തനിക്കെതിരേ ഏതൊക്കെ തരത്തിലുള്ള വിമർശനങ്ങൾ വന്നിട്ടുണ്ട്. ഒരു തവണ പോലും താൻ പ്രതികരിച്ചിട്ടില്ല. എന്നെ തെറിവിളിക്കുന്നത് ഒരു അവകാശമാണോ? അത്തരം കാര്യങ്ങൾ അനുവദിക്കാൻ പറ്റില്ല. അച്ചടക്കം പാലിച്ചേ മുന്നോട്ടുപോവാനാവുകയുള്ളൂ. കെപിസിസി അധ്യക്ഷനായി ഇരിക്കുന്നിടത്തോളം അച്ചടക്കത്തോടെ മാത്രമേ മുന്നോട്ടുപോവുകയുള്ളൂ. അല്ലാത്തപക്ഷം താൻ ഇതിന് നിൽക്കില്ല.

താനും വിഡി സതീശനും ടാർഗറ്റ് ചെയ്യപ്പെടുന്നതൊക്കെ താൽക്കാലികം മാത്രമാണ്. അതൊന്നും ശാശ്വതമായി നിലനിൽക്കില്ല. മറുഭാഗത്ത് ഞങ്ങൾക്ക് ആവേശം നൽകുന്ന അണികളുണ്ട്. അവരുടെ വിശ്വാസവും ആവേശവും ഞങ്ങൾക്ക് കരുത്ത് നൽകുമെന്നും സുധാകരൻ പറഞ്ഞു.