തിരുവനന്തപുരം: സംഘപരിവാർ ആശയങ്ങളോട് അനുഭാവം പുലർത്തുന്നവരെ ചാണകസംഘികൾ എന്ന് അധിക്ഷേപിക്കുന്നത് സോഷ്യൽ മീഡിയയിൽ പതിവാണ്. ഈ വിളി കേൾക്കുമ്പോൾ തനിക്ക് എന്താണ് തോന്നാറുള്ളതെന്ന് പറയുകയാണ് നടനും, ബിജെപി അനുഭാവിയുമായ കൃഷ്ണകുമാർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചാണകസംഘി വിളി നിത്യം കേൾക്കുന്നതാണ്. തനിക്ക് ആ വിളി കേൾക്കുമ്പോൾ സന്തോഷമാണ്. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മൾ എല്ലാം ചാണകമാണ് -സദ്ഗുരുവിന്റെ പുസ്തകം ഉദ്ധരിച്ച് കൃഷ്ണകുമാർ പറഞ്ഞു.

കൃഷിയിടങ്ങളിലെല്ലാം കാലി വളമാണ് ഉപയോഗിക്കുന്നതെന്നും അതിൽ തന്നെ പശുവിന്റെ ചാണകമാണ് ഏറ്റവും കൂടുതലായി വളമായി ഇടുന്നതെന്നും കൃഷ്ണകുമാർ. ഇതാണ് അരിയാവും മറ്റ് ഭക്ഷ്യവസ്തുക്കളായും മാറുന്നതെന്നും അദ്ദേഹം പറയുന്നു.

'ഓരോ വ്യക്തിയിലും ചാണകമുണ്ട്. ഓരോ വ്യക്തിയെയും എടുത്തുനോക്കുക. അവരിൽ ചാണകമുണ്ട്. അപ്പോൾ ഈ ചാണകം എന്ന് പറഞ്ഞാൽ... ഞാനും ചാണകം, നിങ്ങളും ചാണകം, ഇതിനകത്ത്... നിങ്ങൾക്ക് ഇഷ്ടമുള്ള ചാണകമാകാം... സംഘി ചാണകമുണ്ട്, കൊങ്ങി ചാണകമുണ്ട്. കമ്മി ചാണകമുണ്ട്, സുടാപ്പി ചാണകമുണ്ട്. ഏത് ചാണകം വേണമെന്ന് അവർക്ക് ചൂസ് ചെയ്യാം. ചാണകത്തെ പറ്റി എനിക്ക് പറയാനുള്ളത് ഇതാണ്. നമ്മൾ എല്ലാവരും ചാണകമാണ്. ചാണകമേ ഉലകം.'-നടൻ പറയുന്നു.

നമ്മൾ ഭക്ഷിക്കുന്നതെല്ലാം നമ്മളായി തീരുകയാണെന്നും ഈ രീതിയിൽ നോക്കുകയാണെകിൽ എല്ലാ വ്യക്തിയിലും ചാണകമുണ്ടെന്നും നടൻ പറയുന്നു. പറഞ്ഞത്. ഭക്ഷ്യവസ്തു ചാണകത്തിന് രൂപാന്തരം സംഭവിച്ചതാണ് ഉണ്ടാകുന്നതെന്നും അതാണ് 'നമ്മൾ' ആയി തീരുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആത്മീയാചാര്യനായ ജഗ്ഗി വാസുദേവിൽ നിന്നുമാണ് താൻ ഇക്കാര്യം മനസിലാക്കിയതെന്നും കൃഷ്ണകുമാർ പറയുന്നു.

ചെറുപ്പത്തിൽ ശാഖയിൽ പോയിരുന്നു. പിന്നീട് എ.ബി.വി.പിയിലായി. തെരഞ്ഞെടുപ്പ് കാലത്തൊക്കെ വലിയ ആവേശമായിരുന്നു. ബിജെപിക്ക് വലിയ വളർച്ചയാണുണ്ടാകുന്നത്. ഇവിടെ താമര വിരിയുക തന്നെ ചെയ്യുമെന്നും കൃഷ്ണകുമാർ പറഞ്ഞു.