തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരന് കെ എസ് ബ്രിഗേഡിന്റെ ഭീഷണി. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പ്രതികരിച്ചാൽ ഭാര്യയെയും മകളെയും കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് കെഎസ് ബ്രിഗേഡ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

കെഎസ് ബ്രിഗേഡിൽ 15 പേരുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അർധരാത്രി ഫോണിലേക്ക് ഭീഷണി സന്ദേശം വന്നതെന്നും ദിവാകരൻ പറഞ്ഞു. ഇത്തരം നെറിക്കെട്ട രാഷ്ട്രീയക്കാർ കോൺഗ്രസിൽ തുടർന്നാൽ പാർട്ടിക്ക് ഒരുകാലത്തും നിലനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മമ്പറം ദിവാകരന്റെ വാക്കുകൾ:

'ഒരു ദിവസം അർധരാത്രി ഫോണിലേക്ക് ഒരു കോൾ വന്നു. ഞങ്ങൾ 15 പേരുണ്ടെന്ന് അവർ പറഞ്ഞത്. കെഎസിനെക്കുറിച്ച് എന്തെങ്കിലും ഇനി പറഞ്ഞാൽ ഭാര്യയെ നിന്റെ മുന്നിൽ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും, 24കാരിയായ മകളെയും ബലാത്സംഗം ചെയ്യുമെന്നാണ് അവർ പറഞ്ഞത്. എത്ര സംസ്‌കാരശൂന്യരാണ് ഇവർ. ഇതൊക്കെ കോൺഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണോ.

ഒരു കെപിസിസി അധ്യക്ഷന് എന്തിനാണ് ഒരു ബ്രിഗേഡ്. ഇത്തരം നെറിക്കെട്ട രാഷ്ട്രീയകാർ കോൺഗ്രസിൽ തുടർന്നാൽ പാർട്ടിക്ക് കേരളത്തിൽ ഒരു കാലത്തും നിലനിൽക്കാൻ സാധിക്കില്ല. ഭീഷണികളും തുടരുകയാണ്. ആശുപത്രിയിൽ വച്ച് ചുട്ടുകളയുമെന്ന ഭീഷണിയും ഉയർന്നിരുന്നു.

കെ സുധാകരൻ കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസ് ക്ഷയിക്കുമെന്നും പാർട്ടിക്ക് ഭാവിയുണ്ടാവില്ലെന്ന് താൻ നേരത്തെ വ്യക്തമായി പറഞ്ഞതാണെന്നും മമ്പറം ദിവാകരൻ പറഞ്ഞു. ഇത് ഓരോ ദിവസവും കഴിയുമ്പോൾ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിരവധി മഹാന്മാർ ഇരുന്ന കസേരയാണ് കെപിസിസി അധ്യക്ഷന്റേത്. അതിൽ ഇരിക്കാൻ സുധാകരന് എന്ത് യോഗ്യതയുണ്ട്. ഇത് കാലം തെളിയിക്കും.

തനിക്ക് ഗ്രൂപ്പ് ഇല്ലെന്ന് സുധാകരൻ പറയുന്നതിന് അടിസ്ഥാനമില്ല. സുധാകരന് ഇപ്പോഴും ഗ്രൂപ്പുണ്ട്. 1992ലെ പുനഃസംഘടനയിൽ എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ സുധാകരൻ പുതിയ ഗ്രൂപ്പുണ്ടാക്കിയിരുന്നെന്നും ദിവാകരൻ പറഞ്ഞു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ തകർക്കാൻ വേണ്ടി തന്നെ കമ്യൂണിസ്റ്റ് ചാരനാക്കി ചിത്രീകരിക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും മമ്പറം ദിവാകരൻ പറഞ്ഞു. മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ കുറുക്കനായി സുധാകരന് മാറി. ഒരു വിശദീകരണ നോട്ടീസ് പോലും തരാതെയാണ് സുധാകരൻ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സുധാകരന്റെ തറവാട്ട് വിഹിതമാണോ കോൺഗ്രസ്. മഹത്തായ പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചുക്കും ചുണാമ്പും അറിയാത്തവരാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.