തിരുവനന്തപുരം: രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നതെന്ന് കെ എസ് ചിത്ര. പത്മഭൂഷൺ പുരസ്‌കാരം തേടിയെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. 'രാജ്യത്തിന്റെ അംഗീകാരം വലിയ സന്തോഷം നൽകുന്നു. കൈപിടിച്ച് നടത്തിയ എല്ലാവർക്കുമായി പുരസ്‌കാരം സമർപ്പിക്കുന്നു' - കെ എസ് ചിത്ര പറഞ്ഞു. കെ എസ് ചിത്രയ്ക്ക് പുറമേ മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് ( മരണാനന്തരം), സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ ( മരണാനന്തരം) തുടങ്ങിയവരും പത്മഭൂഷണ് അർഹരായി.

കേരളത്തിൽ നിന്ന് ആറുപേർക്കാണ് അംഗീകാരം ലഭിച്ചത്. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷൺ ലഭിച്ചതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. ഗാനരചയിതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഒ എം നമ്പ്യാർ( കായികം), ബാലൻ പുതേരി ( സാഹിത്യം), കെ കെ രാമചന്ദ്ര പുലവർ (കല), ഡോ ധനഞ്ജയ് ദിവാകർ ( മെഡിസിൻ) എന്നിവരാണ് പത്മശ്രീ അവാർഡിന് അർഹരായത്. ഇതടക്കം 102 പേർക്കാണ് ഇത്തവണ പത്മശ്രീ അവാർഡ് പ്രഖ്യാപിച്ചത്. മുൻ കായികതാരമായിരുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ എം നമ്പ്യാർ.

ചിത്ര ഉൾപ്പെടെ പത്തുപേർക്കാണ് ഇത്തവണ പത്മഭൂഷൺ അവാർഡ് ലഭിച്ചത്. മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് (മരണാനന്തരം), സുമിത്ര മഹാജൻ, നൃപേന്ദ്ര മിശ്ര, രാം വിലാസ് പാസ്വാൻ( മരണാനന്തരം) തുടങ്ങിയവരാണ് പത്മഭൂഷൺ അവാർഡിന് അർഹരായ മറ്റുള്ളവർ.

എസ്‌പി ബാലസുബ്രഹ്മണ്യം ഉൾപ്പെടെ ഏഴുപേർക്കാണ് പത്മവിഭൂഷൺ അവാർഡ് ലഭിച്ചത്. മരണാനന്ത ബഹുമതിയായാണ് എസ്‌പിബിക്ക് പുരസ്‌കാരം. തെന്നിന്ത്യൻ ഗായകനായിരുന്ന എസ്‌പിബി തമിഴ് സിനിമ ഗാന ശാഖയിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചതെങ്കിലും ഒരുപിടി നല്ല മലയാള സിനിമ ഗാനങ്ങൾ നൽകിയത് വഴി മലയാളിക്കും പ്രിയപ്പെട്ടവനാണ്. അതുകൊണ്ട് തന്നെ എസ്‌പിബിയുടെ പുരസ്‌കാരലബ്ധി കേരളത്തിനും അഭിമാനം പകരുന്നതാണ്.