തിരുവനന്തപുരം; വനിതകൾക്ക് സമൂഹത്തിൽ തുല്യനീതിയും സ്ഥാനവും ഉറപ്പാക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച ധീരയായ നേതാവായിരുന്നു മുൻ മന്ത്രി കൂടിയായ കെ.ആർ. ഗൗരിയമ്മയെന്ന് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ കെ.എസ്. സലീഖ ( എക്‌സ് എംഎൽഎ) പറഞ്ഞു. വനിതകളുടെ സാമൂഹ്യ ഉന്നമനത്തിന് സാമ്പത്തിക സ്വയം പര്യാപ്തത ആവശ്യമാണെന്ന് കണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപെ 1988 ൽ ഇ.കെ നയനാരിന്റെ നേത്വത്തിലുള്ള ഇടത് പക്ഷ മന്ത്രി സഭയിൽ ഗൗരിയമ്മ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ സ്ഥാപിച്ച സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അതിന്റെ ഉത്തമ ഉദാഹരണമാണെന്നും സലീഖ പറഞ്ഞു.

33 വർഷങ്ങൾക്ക് മുൻപ് വനിതാ വികസന വകുപ്പൊന്നും സങ്കൽപ്പത്തിൽ പോലുമില്ലാതിരുന്ന സമയത്ത് ജനസംഖ്യയുടെ 50%ത്തിലധികം വരുന്ന വനിതകളുടെ ഉന്നമനത്തിന് വേണ്ടിയാണ് കെ.ആർ . ഗൗരിയമ്മയുടെ നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷൻ സ്ഥാപിതമാക്കിയത്. തുടർന്ന് വളർച്ചയുടെ പടവുകൾ കയറിയ കോർപ്പറേഷൻ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് മറ്റൊരു വനിതാ മന്ത്രിയായ കെ.കെ ശൈലജ ടീച്ചറിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടുതൽ ലാഭകരമായതും പ്രവർത്തന നേട്ടം കൈവരിച്ചതും.

എല്ലാ സംസ്ഥാനങ്ങളിലും വനിതകളുടെ ക്ഷേമത്തിനായി കോർപ്പറേഷനുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദ്ദേശം വരുന്നതിന് മുൻപ് തന്നെ സംസ്ഥാനത്ത് ഗൗരിയമ്മ മന്ത്രിയായിരുന്ന1981 ൽ തന്നെ കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടി സ്വയം തൊഴിൽ തുടങ്ങാനും , ഹോസ്റ്റൽ ആരംഭിക്കുവാനുമായി വർക്കിങ് വിമൻസ് സൊസൈറ്റി രൂപീകരിച്ചിരുന്നു. പിന്നീട് 1987 ലെ മന്ത്രി സഭയിൽ എത്തിയ ഗൗരിയമ്മ 1988 ൽ ഈ സൊസൈറ്റിയെ വനിതാ വികസന കോർപ്പറേഷൻ എന്ന കമ്പനി ആക്കി ഉയർത്തി.കൂടുതൽ പദ്ധതികൾ നടപ്പിലാക്കി.

വനിതാ കമ്മീഷൻ നിലവിൽ വരുന്നതിനു മുൻപ് വനിതാ വികസന കോർപ്പറേഷന് കീഴിൽ ഒരു അഭിഭാഷകയെ നിയമിച്ച് സ്ത്രീകൾക്ക് വേണ്ടി പരാതി പരിഹാര സെൽ രൂപീകരിക്കുകയും അത് വഴി വനിതകൾക്ക് വേണ്ടി നിയമസഹായവും, പരാതി പരിഹാരവും നടത്തുന്നതിനും ഏർപ്പാടുണ്ടാക്കി.ഇതിനെയാണ് 1991 ൽ പിന്നീട് വനിതാ കമ്മീഷനാക്കിയത്. സെൻട്രൽ ഗവ ഫണ്ട് ഉപയോഗിച്ച് കാക്കനാട് വർക്കിങ് വിമൻസ് ഹോസ്റ്റൽ ആരംഭിച്ചതും ഗൗരിയമ്മയാണ്. വനിതാ വികസന കോർപ്പറേഷന് വേണ്ടി എംഡി വി സി ബിന്ദു അന്ത്യോപചാരം അർപ്പിച്ചു.