കോട്ടയം: വെള്ളക്കെട്ടിലൂടെ അപകടകരമാം വിധം കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചതിന് സസ്പെൻഷനിലായ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ഐ.എൻ.ടി.യു.സി യൂണിറ്റ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനിടെ ബസ് വെള്ളത്തിൽ മുങ്ങിയ വിഷയവും തുടർന്ന് വിവാദങ്ങളും ഉണ്ടായപ്പോൾ ഐഎൻടിയുസിക്കാർ സഹായിച്ചില്ലെന്നാരോപിച്ചാണ് ജയദീപ് സ്ഥാനമൊഴിയുന്നത്.

ബസ് വെള്ളത്തിൽ മുങ്ങിയ വിഷയവും തുടർന്ന് വിവാദങ്ങളും ഉണ്ടായപ്പോൾ ഐ.എൻ.ടി.യു.സിക്കാർ സഹായിച്ചില്ലെന്നാണ് ജയദീപ് പറയുന്നത്.
ജയദീപ് പറയുന്നു.

'ഓർമ്മ വെച്ച നാൾ മുതൽ ഐഎൻടിയുസി സിന്ദാബാദ് എന്ന് വിളിച്ചു പറഞ്ഞ് നടന്നു. പിന്നീട് ജോലി കിട്ടിയപ്പോൾ മുതൽ ഐഎൻടിയുസിയിൽ ആത്മാർത്ഥമായി നിലകൊണ്ടു. ഈരാറ്റുപേട്ട ഐഎൻടിയുസി പ്രസിഡണ്ടായി. എന്നിട്ട് ഉരുൾപൊട്ടി വെള്ളം വന്ന് വണ്ടിയിൽ കയറിയ വിഷയമുണ്ടായപ്പോൾ എന്നെ സഹായിക്കാൻ ഒരു ഐഎൻടിയുസി നേതാക്കളും വന്നില്ല. നല്ല കാര്യം. അതുപോലെ ബഹുമാനപ്പെട്ട ശശീന്ദ്രൻ എന്നെ വിളിച്ച് പറഞ്ഞതാണ് മാധ്യമങ്ങൾ വരുമ്പോൾ ഐഎൻടിയുസിക്കാരൻ എന്ന് പറയാതിരിക്കണം എന്ന്. ഇത്ര ഉള്ളു യൂണിയനും യൂണിയൻ നേതാക്കന്മാരും. ഈക്കാര്യം എല്ലാവരും ഓർത്ത് ജീവിച്ചാൽ അവന് അവന് കൊള്ളാം.' ജയദീപ് പറയുന്നു.

യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജയദീപ് സെബാസ്റ്റ്യനെ ഗതാഗത വകുപ്പ് സസ്പെന്റ് ചെയ്തത്. ഇതിന് പിന്നാലെ ജയദീപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. താൻ ആളുകളെ രക്ഷിക്കാനാണ് നോക്കിയതെന്നും സസ്‌പെൻഷന് പിന്നിൽ രാഷ്ട്രീയമാണെന്നുമാണ് ജയദീപ് പറഞ്ഞത്.

പൂഞ്ഞാർ സെന്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് മുങ്ങുമെന്ന് ഉറപ്പായയതോടെ മതിലിനോട് ചേർത്ത് ബസ് നിർത്തി. നാട്ടുകാർ സമയോചിതമായി ഇടപെട്ടു യാത്രക്കാർ സുരക്ഷിതരായി പുറത്തേക്കെത്തിക്കുകയായിരുന്നു.

ആക്ഷേപങ്ങൾ രൂക്ഷമായതോടെ വിശദീകരണവുമായി ജയദീപ് വീണ്ടും രംഗത്തെത്തിയിരുന്നു. യാത്രക്കാരോടും കണ്ടക്ടറോടും ചോദിച്ചിട്ടാണ് വണ്ടി മുന്നോട്ട് എടുത്തത്. പള്ളിക്ക് സമീപത്ത് എത്തിയപ്പോഴാണ് റോഡിൽ പെട്ടെന്ന് വെള്ളം വന്ന് നിറഞ്ഞത്. ഇതോടെ ബസിന്റെ എഞ്ചിൻ നിന്ന് പോയി. യാത്രക്കാരോട് ഭയക്കേണ്ടെന്ന് പറഞ്ഞ് മതിലിനോട് ചേർന്ന് വണ്ടി നിർത്തുകയായിരുന്നെന്നും ജയദീപിന്റെ വിശദീകരിച്ചിരുന്നു.