തിരുവനന്തപുരം: കെഎസ്ആർടിസി പെട്രോൾ പമ്പുകളിൽ നിന്നും ഇനിമുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പെട്രോൾ പമ്പിൽ നടക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ, വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.

കെഎസ്ആർടിസിയുടെ 75 പന്പുകളും പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനായി നൽകാനാണ് തീരുമാനം. എന്നാൽ ആദ്യഘട്ടത്തിൽ എട്ട് പന്പുകളിലാണ് പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്ന പെട്രോൾ പന്പുകൾ കിഴക്കേകോട്ട, കിളിമാനൂർ, ചടയമംഗലം, ചാലക്കുടി, മൂവാറ്റുപുഴ, മൂന്നാർ, ചേർത്തല, കോഴിക്കോട് എന്നിവിടങ്ങളിലാണ്.

മറ്റ് ഏഴ് പമ്പുകൾ 16ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ചേർത്തലയിൽ കൃഷിമന്ത്രി പി. പ്രസാദും 17ന് ചടയമംഗലത്ത് വൈകിട്ട് അഞ്ചിന് മന്ത്രി ജെ. ചിഞ്ചുറാണിയും 18ന് രാവിലെ 8.30ന് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിനും മൂവാറ്റുപുഴയിൽ രാവിലെ ഒൻപതിന് മന്ത്രി പി. രാജീവും ചാലക്കുടിയിൽ വൈകിട്ട് നാലിന് മന്ത്രി ആർ. ബിന്ദുവും കിളിമാനൂരിൽ വൈകിട്ട് അഞ്ചിന് മന്ത്രി വി. ശിവൻകുട്ടിയും പദ്ധതി ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ആദ്യ ദിവസം മുതൽ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും. ഇന്ധനം നിറയ്ക്കാനെത്തുന്ന ഫോർവീലർ യാത്രക്കാർക്കും ടൂ വീലർ യാത്രക്കാർക്കും കുടുതൽ ആനുകൂല്യങ്ങളും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഐഒസിയുമായി ചേർന്നാണ് സമ്മാനങ്ങൾ നൽകുന്നത്. 200 രൂപ, 500 രൂപ എന്നിവയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്നവർക്കാണ് സമ്മാനകൂപ്പൺ നൽകുന്നത്. ടൂവീലർ യാത്രക്കാർക്ക് സൗജന്യമായി ഓയിൽ ചെയ്ഞ്ചിംഗും നടത്തുമെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്.