തിരുവനന്തപുരം: ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ എൽ.എൻ.ജി. ബസ് സർവീസ് നാളെ മുതൽ നിരത്തിൽ. തിരുവനന്തപുരം മുതൽ എറണാകുളം വരെയും എറണാകളും മുതൽ കോഴിക്കോട് വരെയുമാണ് ആദ്യ എൽ.എൻ.ജി. ബസ് സർവീസിന് ഇറങ്ങുക.

ആദ്യ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 12 മണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന്റെ പൊതുഗതാഗത രംഗത്തെ ഇന്ധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എൽ എൻ ജി സർവീസിലേക്ക് മാറുന്നത്. പ്രതിദിന വരുമാനത്തിൽ പകുതിയോളം ചെലവഴിക്കുന്നതു ഡീസലിനു വേണ്ടിയാണ്.ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി. താത്പര്യ പത്രം ക്ഷണിച്ചിരുന്നു.

തിരുവനന്തപുരം നഗരസഭാ കൗൺസിലർ സി.ഹരികുമാർ ഫ്ളാഗ് ഓഫ് ചടങ്ങിൽ അധ്യക്ഷനാകും. കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ, പെട്രോനെറ്റ് എൽ.എൽ.ജി. ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, യൂണിയൻ നേതാക്കളായ വി.ശാന്തകുമാർ, ആർ.ശശിധരൻ, കെ.എൽ. രാജേഷ്, സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽ കുമാർ തുടങ്ങിയവർ ആദ്യ എൽ.എൻ.ജി. ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കും.

ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്ക് ചുവടുമാറ്റത്തിനൊരുങ്ങുന്ന സാഹചര്യം പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സിയും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധന ഉപയോഗിച്ച് വാഹനമോടിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ ഡീസൽ ബസുകൾ എൽ.എൻ.ജി., സി.എൻ.ജി., തുടങ്ങിയവയിലേക്ക് മാറുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 400 പഴയ ഡീസൽ ബസുകളാണ് ആദ്യ ഘട്ടത്തിൽ എൽ.എൻ.ജിയിലേക്ക് മാറുന്നത്.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ പെട്രോനെറ്റ് എൽ.എൻ.ജി. ലിമിറ്റഡാണ് അവരുടെ കൈവശമുള്ള രണ്ട് എൽ.എൻ.ജി. ബസുകൾ സർവീസിനായി വിട്ടുനൽകിയിട്ടുള്ളത്. മൂന്ന് മാസത്തേക്കാണ് ഈ ബസുകൾ നൽകിയിട്ടുള്ളത്. ഈ മാസത്തിനുള്ളിൽ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യത പഠനം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഡ്രൈവർ, മെയിന്റനൻസ് തുടങ്ങിയ വിഭാഗത്തിലുള്ളവരുടെ അഭിപ്രായം തേടുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് 425 കിലോമീറ്ററും എറണാകുളത്ത് നിന്ന് കോഴിക്കോടേക്ക് 443 കിലോമീറ്ററുമാണ് ആദ്യത്തെ വാഹനങ്ങൾ സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സർവീസ് 11.15-ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നെടുത്ത് വൈകിട്ട് 8.15-ന് എറണാകുളത്ത് അവസാനിക്കും. എറണാകുളത്ത് നിന്ന് രാവിലെ 6.30-ന് ആരംഭിച്ച് 12.20 കോഴിക്കോട് എത്തുകയും ഉച്ചയ്ക്ക് 2.30 കോഴിക്കോട് നിന്ന് എടുത്ത് 8.20 എറണാകുളത്ത് അവസാനിക്കുന്നതുമാണ് സർവീസ്.

കെ.എസ്.ആർ.ടി.സി.യുടെ ഡീസൽ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതിന് നേരത്തെ താത്പര്യ പത്രം ക്ഷണിച്ചിരുന്നു. മൂന്നു വർഷത്തിനുള്ളിൽ 3000 ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുകയാണ് ലക്ഷ്യം. പരീക്ഷണാർത്ഥം അഞ്ച് കമ്പനികളുടെ ബസുകൾ സി.എൻ.ജി. യിലേക്കു മാറ്റാനാണ് താത്പര്യ പത്രം ക്ഷണിച്ചത്. ഏഴു വർഷത്തെ വാറന്റിയും വാർഷിക അറ്റകുറ്റപ്പണിയും ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് താത്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്.

ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റുന്നതിനു സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുവഴി ഇന്ധനച്ചെലവിനത്തിൽ മാത്രം പ്രതിമാസം 40 കോടിയോളം രൂപ ലാഭിക്കാമെന്നാണു പ്രതീക്ഷയെന്ന് കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ പറഞ്ഞിരുന്നു. ഏലൂരിലെ ജിയോലെറ്റ് ഓട്ടോ ഗ്യാസ് ഇൻഡസ്ട്രീസിനാണ് ഡീസൽ ബസുകൾ സി.എൻ.ജി.യി ലേക്ക് മാറ്റുന്നതിന് സംസ്ഥാനത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത്.

ജിയോലെറ്റ് 29 സ്വകാര്യ ബസുകൾ സി.എൻ.ജി.യിലേക്ക് മാറ്റിയിട്ടുണ്ട്. 25 എണ്ണം കേരളത്തിൽ സർവീസ് നടത്തുന്നു. എറണാകുളം ജില്ലയിൽ ഒമ്പത് സ്വകാര്യ ബസുകൾ സി.എൻ.ജി.യിൽ ഉണ്ട്. ഒരു ഡീസൽ ബസ് സി.എൻ.ജി. യിലേക്ക് മാറ്റാൻ അഞ്ചു മുതൽ ഏഴു വരെ ദിവസങ്ങൾ വേണ്ടിവരും. നാലര ലക്ഷം രൂപ മുതൽ മുകളിലേക്കാണ് ചെലവ്.

സാധാരണ ഒരു ബസിന് ആറ് സിലിൻഡറാണ് ഉപയോഗിക്കുന്നത്. ആറ് സിലിൻഡർ ഉള്ള ഒരു വാഹനം 300 കിലോമീറ്ററോളം ഓടുമെന്ന് ജിയോലെറ്റ് ഓട്ടോ ഗ്യാസ് ഇൻഡസ്ട്രിസ് ടെക്നിക്കൽ ആൻഡ് മാർക്കറ്റിങ് മാനേജർ വർഗീസ് പി. ചെറിയാൻ പറഞ്ഞു. ചെറു ദൂരങ്ങൾ ഓടുന്ന വാഹനങ്ങൾക്ക് ആറു സിലിൻഡർ മതി. എന്നാൽ ദീർഘദൂര ബസുകൾക്ക് എട്ടു മുതൽ 10 വരെ സിലിൻഡർ വേണ്ടിവരും.