കൊച്ചി: ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ ക്രൂരമായ മർദ്ദനമാണ് എസ്എഫ്ഐ അഴിച്ചുവിട്ടത്. പൈനാവ് കോളേജിൽ നടന്ന സംഘർഷം പോലും അറിയാതെ ക്ലാസിലിരിക്കുകയായിരുന്ന വിദ്യാർത്ഥികളെയാണ് എസ്എഫ്ഐക്കാർ ക്രൂരമായി തല്ലിച്ചതച്ചത്. പെൺകുട്ടികളടക്കമുള്ളവരെയാണ് ക്ലാസിൽ വച്ചും ക്ലാസിൽ നിന്നും പിടിച്ചിറക്കിയും ക്രൂരമർദ്ദനത്തിനിരയാക്കിയത്. തലയ്ക്കടക്കം ഗുരുതരപരിക്കുകളേറ്റ് ആശുപത്രിയിലായ അവർ ഇപ്പോഴാണ് പരിക്ക് ഭേദമായി പുറത്തിറങ്ങുന്നത്.

എസ്എഫ്ഐ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മഹാരാജാസിലെ ബിഎ മലയാളം വിദ്യാർത്ഥിയായ അമൽ ടോമി അന്നത്തെ ദിവസത്തെ പറ്റി ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയാകുകയാണ്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, അദ്ധ്യാപികയെന്നോ വിദ്യാർത്ഥിനിയെന്നോ വ്യത്യാസമില്ലാതെ കൊടുംക്രിമിനലുകളെ പോലെ ക്യാംപസിനുള്ളിൽ അഴിഞ്ഞാടിയ എസ്എഫ്ഐക്കാരുടെ അന്നത്തെ ക്രൂരകൃത്യങ്ങളാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്.

അമൽ ടോമിയുടെ പിറന്നാൾ ദിവസമായിരുന്നു ഈ സംഘർഷങ്ങൾ ഉണ്ടായത്. തനിക്കിനി അത് ഉയർത്തെഴുന്നേൽപ്പിന്റെ ദിവസമായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് അമൽ ടോമി ഫെയ്സ് ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിയും കഴിഞ്ഞ് ക്ലാസിന് മുന്നിൽ നിൽക്കുമ്പോളാണ് എസ്എഫ്ഐക്കാരുടെ മുദ്രാവാക്യം വിളി കേൾക്കുന്നത്. കൂടെ നിന്ന സുഹൃത്തുക്കളാണ് കെഎസ്‌യു പ്രവർത്തകരെ മർദിക്കുന്നതാണ് എന്ന് പറഞ്ഞത്. ബഹളം കേട്ട് ഓടിച്ചെന്നപ്പോൾ കണ്ടത് കെഎസ്‌യു യൂണിറ്റ് സെക്രട്ടറി നിയാസിന്റെ തലയിൽ കട്ട കൊണ്ടടിക്കുന്നതാണ്. ഇതുകണ്ട് പിടിച്ചു മാറ്റാൻ ചെന്ന അന്നമ്മക്കും കിട്ടി. സ്ത്രീ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കെട്ടിയ മതിൽ ചവിട്ടി പൊളിക്കുന്നതു പോലെയായിരുന്നു അവളെ ചവിട്ടി താഴെയിട്ടത്. ഒരു സ്ത്രീ എന്ന പരിഗണന പോലും എസ്എഫ്ഐ പ്രവർത്തകർ നൽകിയില്ല.

തുടർന്ന് അംജദിനെ തേടി പിടിച്ച് കൂട്ടമായി ആക്രമിച്ചു. അവരുടെ തന്നെ ബോർഡ് വച്ചിരുന്ന പട്ടികകഷ്ണം ആയിരുന്നു ആയുധം. എസ്എഫ്ഐക്കാരുടെ മർദ്ദനമേൽക്കുന്ന ഏത് കെഎസ്‌യുക്കാരനെ പിടിച്ചുമാറ്റണമെന്ന് ആലോചിച്ചുനിൽക്കുമ്പോൾ തന്നെ എസ്എഫ്ഐക്കാർ തങ്ങളെ തിരക്കിയെത്തി. പിന്നീട് നടന്നത് അവരുടെ സ്നേഹപ്രകടനമായിരുന്നെന്ന് അമൽ ടോമി കുറിക്കുന്നു. അവർക്ക് ലഭിച്ച പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി ആദ്യം തന്നെ മൂർച്ചയുള്ള ആയുധം കൊണ്ട് കാലിൽ മുറിവുണ്ടാക്കിയ ശേഷമായിരുന്നു മർദ്ദനം. അത് എഴുന്നേറ്റ് നിൽക്കാതിരിക്കാൻ വേണ്ടിയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും അമൽ കൂട്ടിച്ചേർത്തു.

അവരുടെ സ്നേഹ പ്രകടനത്തിലാണ് തലയിലും കാലിലും തുന്നൽ കയറിയത്. ആദ്യത്തെ അടി മുഖത്തായിരുന്നു. പിന്നെ ചവിട്ടി താഴെ വീഴ്‌ത്തി. അവിടെ നിന്നും എണീക്കുമ്പോഴായിരുന്നു തലയ്ക്കിട്ടുള്ള ശക്തമായ പ്രഹരം. വീണുപോയ എന്റെ തലതന്നെ ലക്ഷ്യമാക്കി ഭ്രാന്തമായി അടിക്കുകയായിരുന്നു. എന്റെ ഒപ്പം തന്നെ ഹിരണിനെയും ജവാദിനെയും സുനിലിനെയും മർദ്ദിക്കുന്നുണ്ടായിരുന്നു. എന്റെ തലയിൽനിന്നും ചോര ഒഴുകുന്നത് കണ്ടിട്ടുപോലും അടിയുടെ ശക്തി കുറച്ചിരുന്നില്ല, ചോരയൊഴുകുമ്പോൾ അടിക്കുന്നവർക്ക് മനസ്സലിവ് തോന്നാൻ ഞാനൊരു സഖാവായിരുന്നില്ലല്ലോ.. മനുഷ്യനല്ലേ..! മനുഷ്യത്വം ഉള്ള കുറച്ചു സുഹൃത്തുക്കൾ ഓടിവന്നു ചേർത്തുപിടിച്ചതുകൊണ്ട് ഞങ്ങൾക്കിന്നും ജീവനുണ്ട്- അമൽ പറയുന്നു.

ക്ലാസിനകത്ത് പഠിച്ചുകൊണ്ടിരുന്ന ഫയാസിനെയും ക്ലാസിൽ കയറി കൂട്ടമായി ആക്രമിച്ചു. പിടിച്ച് മാറ്റാൻ ചെന്ന ടീച്ചർക്ക് ചെല്ലേണ്ടിയിരുന്നില്ല എന്ന് തോന്നുംവിധത്തിൽ എസ്എഫ്ഐക്കാർ ഗുരുദക്ഷിണ നൽകി. ടീച്ചറോട് കാണിക്കാത്ത ബഹുമാനം പെൺകുട്ടികൾക്കും കിട്ടിയില്ലെന്നും അമൽ വെളിപ്പെടുത്തുന്നു. തന്റെ ജൂനിയേഴ്സായ ബേസ്സിലും റോബിനും ആക്രമണത്തിന് ഇരയായി. തല കേന്ദ്രീകരിച്ചായിരുന്നു അക്രമം മുഴുവനും. ഇതിൽ ഏറ്റവും കൂടുതൽ കോരിത്തരിപ്പിച്ച കാഴ്ച എന്താണെന്നു വച്ചാൽ, ഞങ്ങളുടെ യൂണിറ്റ് പ്രസിഡന്റ് ഹരിയെ കൂട്ടിയിട്ട് തല്ലുമ്പോൾ ഒരു കൂട്ടം എസ്എഫഐ പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതാണ്. 'എസ്എഫ്ഐ സിന്ദാബാദ്. ആര് പറഞ്ഞു മരിച്ചെന്ന്.' തികച്ചും അർത്ഥവത്തായ ഒരു വാക്യം തന്നെയായിരുന്നു അത്. എന്തോ ഭാഗ്യം കൊണ്ടു മാത്രം ഞങ്ങളെല്ലാവരും ഇന്നും ജീവിച്ചിരിക്കുന്നുവെന്നും പരിഹാസരൂപേണ അമൽ എഴുതുന്നു.

പ്രബുദ്ധരായ മഹാരാജാസുകാർ എന്ന് പറയുന്നുവെങ്കിലും ആ പ്രബുദ്ധത വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അർഹിക്കാനാവൂ എന്ന് അമൽ ഫെയ്സ് ബുക്കിൽ കുറിച്ചു. നിങ്ങളുടെ ഈ പ്രവർത്തികൾ വരുംകാലങ്ങളിൽ നിങ്ങളുടെ ചരിത്രം രചിക്കാനുള്ള ഈടുകളാവട്ടെ, വരും തലമുറ നിങ്ങളെ വാഴ്‌ത്തിപാടട്ടെ, നിങ്ങളുടെ പ്രവൃത്തികളെ എതിർക്കുന്നവരെ അരാഷ്ട്രീയവാദികളാക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്നും എസ്എഫ്ഐക്കാരോട് അമൽ പറയുന്നുണ്ട്.

മനുഷ്യത്വം നിലനിൽക്കുന്നോളം കാലം ഒരക്രമവും ന്യായീകരിക്കപ്പെടരുത്, സ്നേഹിച്ചവർക്കും കൂടെനിന്നവർക്കും സ്നേഹം മാത്രമെന്ന് പറഞ്ഞാണ് അമൽ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അമൽ ടോമിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

എല്ലാവർക്കും പിറന്നാളെന്നാൽ ജനനദിവസമാണ്, എന്നാൽ എനിക്കിനിമുതൽ അത് ഉയർത്തെഴുന്നേപ്പിന്റെ ദിവസമാണ്.

കഴിഞ്ഞ 10 ന് എന്റെ ജന്മദിനം ആയിരുന്നു. അഞ്ചാം സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്ന അന്ന് പരീക്ഷയ്ക്ക് ശേഷം ഉച്ചക്ക് കേക്ക് മുറിയും കഴിഞ്ഞ് എന്റെ ക്ലാസ്സിന്റെ മുമ്പിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് മഹാരാജാസിലെ SFI പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധയിൽപെട്ടത്. കൂടെ നിന്ന സുഹൃത്തുക്കളാണ് കെ. എസ്. യു പ്രവർത്തകരെ മർദിക്കുന്നതാണ് എന്ന് പറഞ്ഞത്.
കെ. എസ്. യു. പ്രവർത്തകനും യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നിയാസിന് ആയിരുന്നു ഉദ്ഘാടനം. മർദ്ദനമേറ്റ് അവശനായി നിലത്തുവീണ അവനെ കട്ട കൊണ്ട് തലക്കടിച്ചു .ഇതുകണ്ട് പിടിച്ചു മാറ്റാൻ ചെന്ന അന്നമ്മക്കും കിട്ടി. സ്ത്രീ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കെട്ടിയ മതിൽ ചവിട്ടി പൊളിക്കുന്നതു പോലെയായിരുന്നു അവളെ ചവിട്ടി താഴെയിട്ടത് .ഒരു സ്ത്രീ എന്ന പരിഗണന പോലും SFI പ്രവർത്തകർ നൽകിയില്ല!

തുടർന്ന് അംജദ്നെ തേടി പിടിച്ച് കൂട്ടമായി ആക്രമിച്ചു.അവരുടെ തന്നെ ബോർഡ് വെച്ചിരുന്ന പട്ടികകഷ്ണം ആയിരുന്നു ആയുധം.ആരുടെ അടുത്തേക്ക് ഓടണം എന്ന് മനസ്സിലാക്കാതെ നിൽക്കുമ്പോഴായിരുന്നു ഞങ്ങളെ തേടിയുള്ള ഒരുകൂട്ടം SFIക്കാരുടെ വരവ്. അങ്ങോട്ടേക്ക് ചെല്ലാതെ തന്നെ ഞങ്ങളെ അന്വേഷിച്ചു ഞങ്ങൾ നിൽക്കുന്നിടത്തേക്ക് അവർ മാരകയുധങ്ങളും കൊണ്ട് വന്നു. പിന്നീട് നടന്നത് 'സ്നേഹപ്രകടനമായിരുന്നു'.

അവരുടെ പരവശമായ സ്നേഹ പ്രകടനത്തിലാണ് തലയിലും കാലിലും തുന്നൽ കയറിയത്. ആദ്യത്തെ അടി മുഖത്തായിരുന്നു. പിന്നെ ചവിട്ടി താഴെ വീഴ്‌ത്തി. അവിടെ നിന്നും എണീക്കുമ്പോഴായിരുന്നു തലയ്ക്കിട്ടുള്ള ശക്തമായ പ്രഹരം.വീണുപോയ എന്റെ തലതന്നെ ലക്ഷ്യമാക്കി ഭ്രാന്തമായി അടിക്കുകയായിരുന്നു.എന്റെ ഒപ്പം തന്നെ ഹിരണിനെയും ജവാദിനെയും സുനിലിനെയും മർദ്ദിക്കുന്നുണ്ടായിരുന്നു. എന്റെ തലയിൽനിന്നും ചോര ഒഴുകുന്നത് കണ്ടിട്ടുപോലും അടിയുടെ ശക്തി കുറച്ചിരുന്നില്ല, ചോരയൊഴുകുമ്പോൾ അടിക്കുന്നവർക്ക് മനസ്സലിവ് തോന്നാൻ ഞാനൊരു സഖാവായിരുന്നില്ലലോ.. മനുഷ്യനല്ലേ..! മനുഷ്യത്വം ഉള്ള കുറച്ചു സുഹൃത്തുക്കൾ ഓടിവന്നു ചേർത്തുപിടിച്ചതുകൊണ്ട് ഞങ്ങൾക്കിന്നും ജീവനുണ്ട്.

എന്റെ കാലിലെ മുറിവ് മൂർച്ചയെറിയ എന്തോ വസ്തുകൊണ്ട് ഉണ്ടാക്കിയതാണ്.അത്രയും ആഴമേറിയതായിരുന്നു ആ മുറിവ്. ഒരുപക്ഷേ ഒന്നുകൂടി എണീറ്റു നിൽക്കാൻ ശ്രമിക്കാതിരിക്കാൻ വേണ്ടിയായിരിക്കാം.
സുഹൃത്തുക്കൾ പറഞ്ഞാണ് ഇതെല്ലാം പഠനത്തിന്റെ ഭാഗമാണെന്ന് ഞാൻ അറിയുന്നത്.തലമൂത്ത സഖാക്കൾ വളർന്നുവരുന്ന കുട്ടിസഖാക്കളെ ചവിട്ടാനും തല്ലാനും അഭ്യസിപ്പിക്കുന്ന പുതിയ സമ്പ്രദായം.ചവിട്ടാൻ മടിച്ചുനിന്നവരെ ആവേശം പകർന്ന് മുൻനിരയിലേക്ക് കൊണ്ടുവരുന്ന വൈകാരിക നിമിഷങ്ങളായിരുന്നു അവയെല്ലാം.ഇത്തരം വിദ്യാഭ്യാ(ഭാ)സ പ്രകടനങ്ങൾ ക്ലാസ്സ് മുറിക്കു പുറത്തേക്കാൾ കൂടുതൽ ആവേശപരമായി കണ്ടത് ക്ലാസ്സ്‌റൂമിന് അകത്തായിരുന്നു.

ക്ലാസ്സിൽ ഇരുന്ന് പഠിക്കുകയായിരുന്നു ഫയാസിനെ ക്ലാസിൽ കയറി കൂട്ടമായി ആക്രമിച്ചതായിരുന്നു പിന്നീട് ക്യാമ്പസ് കണ്ട പുതിയ യുദ്ധമുറ.പിടിച്ച് മാറ്റാൻ ചെന്ന ടീച്ചർക്ക് ചെല്ലേണ്ടിയിരുന്നില്ല എന്ന് തോന്നും വിധത്തിൽ SFI ചുണക്കുട്ടികൾ ഗുരുദക്ഷിണ നൽകിയിരുന്നു.അവനു കവചമായിനിന്ന ക്ലാസ്സിലെ പെൺകുട്ടികൾക്കും ചെയ്തുപോയ തെറ്റ് മനസിലാക്കികൊടുക്കാൻ SFIയുടെ പ്രവർത്തകർ സന്മനസ്സ് കാണിച്ചു .അവരെയെല്ലാം യാതൊരു ദയയുമില്ലാതെ വലിച്ചുമാറ്റുകയായിരുന്നു.ടീച്ചറോട് കാണിക്കാഞ്ഞ ബഹുമാനം പെൺകുട്ടികൾക്കും കിട്ടില്ലലോ..!

പിന്നെ എന്റെ ജൂനിയേഴ്സായ ബേസ്സിലും റോബിനും ആക്രമണത്തിന് ഇരയായി.തല കേന്ദ്രീകരിച്ചായിരുന്നു അക്രമം മുഴുവനും.ഇതിൽ ഏറ്റവും കൂടുതൽ കോരിത്തരിപ്പിച്ച കാഴ്ച എന്താണെന്നു വച്ചാൽ, ഞങ്ങളുടെ യൂണിറ്റ് പ്രസിഡന്റ് ഹരിയെ കൂട്ടിയിട്ട് തല്ലുമ്പോൾ ഒരു കൂട്ടം SFI പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതാണ് , 'SFI സിന്ദാബാദ്. ആര് പറഞ്ഞു മരിച്ചെന്ന്'.

തികച്ചും അർത്ഥവത്തായ ഒരു വാക്യം തന്നെയായിരുന്നു അത്.എന്തോ ഭാഗ്യം കൊണ്ടു മാത്രം ഞങ്ങളെല്ലാവരും ഇന്നും ജീവിച്ചിരിക്കുന്നു..!

പ്രബുദ്ധരായ മഹാരാജാസുകാർ എന്ന് പറയുന്നുവെങ്കിലും ആ പ്രബുദ്ധത വിരലിലെണ്ണാവുന്നവർക്ക് മാത്രമേ അർഹിക്കാനാവൂ എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. പിടിച്ചു മാറ്റാൻ വന്നവരെ തള്ളിമാറ്റിയവർക്കും, വീഡിയോ എടുത്തു തെളിവ് ഉണ്ടാക്കിയവരെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഫോൺ വാങ്ങി എടുത്ത വീഡിയോ ഡിലീറ്റ് ആക്കിയവർക്കും, മുറിവെല്ലാം വെച്ചുകെട്ടിയതാണെന്നും പറഞ്ഞു അന്ധമില്ലാതെ ന്യായീകരിക്കുന്നവർക്കും നല്ല നമസ്‌കാരം.

നിങ്ങളുടെ ഈ പ്രവർത്തികൾ വരുംകാലങ്ങളിൽ നിങ്ങളുടെ ചരിത്രം രചിക്കാനുള്ള ഈടുകളാവട്ടെ... വരും തലമുറ നിങ്ങളെ വാഴ്‌ത്തിപാടട്ടെ... നിങ്ങളുടെ പ്രവൃത്തികളെ എതിർക്കുന്നവരെ അരാഷ്ട്രീയവാദികളാക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ....

മനുഷ്യത്വം നിലനിൽക്കുന്നോളം കാലം ഒരക്രമവും ന്യായീകരിക്കപ്പെടരുത്,
സ്നേഹിച്ചവർക്കും കൂടെനിന്നവർക്കും സ്നേഹം മാത്രം...

(ആശുപത്രിവാസം കഴിഞ്ഞ് എല്ലാവരും സുഖപ്പെട്ട് വരുന്നു.ഇന്നലെയാണ് ഞാൻ നാട്ടിലെത്തുന്നതും വീട്ടുകാരെ കാണുന്നതും.മുറിവു കണ്ട സങ്കടത്തേക്കാളുപരി ജീവനോടെ എത്തിച്ചേർന്നതിന്റെ സന്തോഷമായിരുന്നു വീട്ടുകാർക്ക്. ഇങ്ങനെയൊരു പോസ്റ്റ് ഇടാൻ താമസിച്ചത്,നാട്ടിലെത്തും മുൻപേ ഇങ്ങനെയൊന്ന് എഴുതി എന്നെ സ്നേഹിക്കുന്നവരെ കൂടുതൽ ആശങ്കപ്പെടുത്തേണ്ട എന്നു കൂടി കരുതിയിട്ടാണ്.