മലപ്പുറം: വിജയദശമി ദിനത്തിൽ സാധിക്കാതിരുന്നത് ഇന്ന് നടന്നു. തന്റെ ഗൺമാന്റെ മകളെ മന്ത്രി കെ.ടി.ജലീൽ എഴുത്തിനിരുത്തി. മന്ത്രിയുടെ ഗൺമാനായ വട്ടംകുളം സദേശി പ്രജീഷിന് വിജയദശമി ദിനത്തിൽ കോവിഡ് പോസ്റ്റിവായിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിയെ കൊണ്ട് മകൾക്ക് വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിപ്പിക്കണമെന്ന ആഗ്രഹം നടന്നില്ല. പകരം ഇന്നാണ് മന്ത്രി ആദ്യക്ഷരം കുറിച്ചു നൽകിയത്.

എടപ്പാൾ വട്ടംകുളം സ്വദേശി പ്രജീഷ്-ആതിര ദമ്പതികളുടെ മകൾ ഇഷിക്കാണ് കെ.ടി. ജലീൽ ഇന്ന് ആദ്യാക്ഷരം പകർന്നു നൽകിയത്്. ഇന്ന് മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയായ ഗസലിലാണ് ചടങ്ങ് നടന്നത്. ഗുരുസ്ഥാനീയനായി കാണുന്ന മന്ത്രി തന്നെ തന്റെ മകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പ്രജീഷും ഭാര്യ ആതിരയും പറഞ്ഞു.

യുഎഇ കോൺസുലേറ്റ് വഴി നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തു വിതരണം ചെയ്ത കേസിൽ തിങ്കളാഴ്ച ഹാജരാകാൻ മന്ത്രി കെ.ടി.ജലീലിന് കസ്റ്റംസിന്റെ നോട്ടിസ് നൽകിയിട്ടുണ്ട്. മന്ത്രിയുടെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് ഇവ വിതരണം ചെയ്തത്. നയതന്ത്ര പാഴ്‌സൽ വഴി എത്തുന്നവ പുറത്തു വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

മുൻപ് ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും (ഇഡി) മന്ത്രിയുടെ മൊഴിയെടുത്തിരുന്നു. മന്ത്രിയുടെ പഴ്‌സനൽ അസിസ്റ്റന്റിനെ നേരത്തെ കസ്റ്റംസ് തിരുവനന്തപുരത്തു ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ ഗൺമാന്റെ ഫോൺ മലപ്പുറത്തെ വീട്ടിൽനിന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും വീട്ടുപടിക്കൽ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധ സമരം നടത്തിയപ്പോഴും മന്ത്രിയുടെ വീട്ടിൽ എഴുത്തിനിരുത്തൽ ചടങ്ങും ചോറൂണും നടന്നത് ഏറെ ചർച്ചയായിരുന്നു. സെപ്റ്റംബർ 12 ന് ഇഡി ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം മലപ്പുറത്തെ വീടായ 'ഗസലി'ലേക്കാണ് അദ്ദേഹമെത്തിയത്. കാവുംപുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് അദ്ദേഹം ചോറു നൽകി പേരുമിട്ടു, ആദം ഗുവേര. ജലീലുമായി അടുത്ത ബന്ധം പുലർത്തുന്ന രഞ്ജിത്ത് മന്ത്രിയെ പിതൃതുല്യനായാണ് കാണുന്നത്.രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെയായിരുന്നു.