കൊച്ചി : കുടുംബശ്രീ മാസിക പുറത്തിറങ്ങാത്തത് വിവാദത്തിൽ. വരിസംഖ്യയായി രണ്ടരക്കോടിയോളം രൂപ പിരിച്ചെടുത്തു ആളുകളെ വഞ്ചിച്ചുവെന്ന തരത്തിലാണ് ആരോപണം. രണ്ടര വർഷത്തിലധികമായിട്ടും കുടുംബശ്രീയുടെ മാസിക പുറത്തിറക്കാത്തതിനു പിന്നിൽ ക്രമക്കേടെന്ന് ആക്ഷേപം ആണ് സജീവമാകുന്നത്. വരിക്കാർക്കു മാസിക അയച്ചു നൽകുന്നതിനു തപാൽ വകുപ്പുമായി കരാറിൽ ഏർപ്പെടാൻ സാധിക്കാത്തതാണു താമസത്തിനു കാരണം എന്നാണ് അധികൃതരുടെ മറുപടി.

കുടുംബശ്രീയുടെ നേട്ടങ്ങളും പദ്ധതികളും താഴേത്തട്ടിലെ അയൽക്കൂട്ടങ്ങളിലെത്തിക്കാനായി മാസിക പുറത്തിറക്കാൻ 2018 ആദ്യമാണു സംസ്ഥാന മിഷൻ പദ്ധതിയിട്ടത്. 2018 മാർച്ചിൽ വരിസംഖ്യാപിരിവ് ആരംഭിച്ചു. സംസ്ഥാനത്തെ 1,24,200 അയൽക്കൂട്ടങ്ങളിൽ നിന്നും 527 ജീവനക്കാരിൽ നിന്നുമായി ഇതിനായി പിരിച്ചെടുത്തത് 2,49,45,400 രൂപയാണ്. പക്ഷേ മാസിക മാത്രം പുറത്തിറങ്ങിയില്ല.

കുടുംബശ്രീ സംഘടനാവിഭാഗം പ്രോഗ്രാം ഓഫിസറുടെ മേൽനോട്ടത്തിലാണു മാസികയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. അയൽക്കൂട്ടങ്ങളിൽ നിന്നുള്ള വരിസംഖ്യ സിഡിഎസുകൾ മുഖേന സ്വീകരിച്ചു ജില്ലാ മിഷനിൽ അടയ്ക്കുകയും തുടർന്നു ജില്ലാ മിഷൻ കോ ഓഡിനേറ്റർമാർ ഇതു സംസ്ഥാനമിഷനു കൈമാറുകയുമാണു ചെയ്തത്. ഒറ്റത്തവണയായി വരിസംഖ്യ അടച്ചത് 8 ജില്ലകൾ മാത്രമാണ്.

മറ്റുള്ള ജില്ലകളിൽ നിന്നു കിട്ടാനുണ്ടായിരുന്ന 56 ലക്ഷത്തോളം രൂപ ഉടൻ പിരിച്ചെടുത്തു നൽകാൻ ആവശ്യപ്പെട്ടു പ്രോഗ്രാം ഓഫിസർ ജില്ലാ മിഷനുകൾക്കു 2018 ജൂൺ മാസം കത്തയച്ചിരുന്നു. ഇതേത്തുടർന്നു ജൂലൈ പതിനഞ്ചോടെ തുക ഏതാണ്ടു പൂർണമായി പിരിഞ്ഞുകിട്ടുകയും ചെയ്തു.