കൊല്ലം: ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിന്റെ ദുരൂഹമരണം കൊലപാതകം. കേസിൽ കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയിൽ രശ്മി നിവാസിൽ രശ്മി(25)യെ കുളത്തൂപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറ്റിനു കിഴക്കേക്കര ടി.എസ്.ഭവനിൽ ദിനേശിനെ(25)യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ദുരൂഹസാഹചര്യത്തിൽ പ്രതിയുടെ വീടിന്റെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുമായി അടുപ്പത്തിലായിരുന്ന യുവാവ് കഴിഞ്ഞദിവസം മറ്റൊരു ഓട്ടോറിക്ഷയിൽ ഇവരുടെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ നടന്ന പിടിവലിക്കിടെ ശക്തമായി തള്ളിയപ്പോൾ കട്ടിലിൽ തലയടിച്ചുവീണ യുവാവ് മരണപ്പെട്ടെന്നാണ് കേസ്.

കിടപ്പുമുറിയിൽ വീണുകിടന്ന യുവാവിനെ വലിച്ചിഴച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാൽ യുവതിതന്നെയാണ് സംഭവം അയൽവാസികളെ അറിയിച്ചത്. വീഴ്ചയിൽ തലയുടെ പുറകിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ഫൊറൻസിക് പരിശോധനാഫലവും സൈബർസെല്ലിന്റെ റിപ്പോർട്ടും പുറത്തുവന്നെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കുളത്തൂപ്പുഴ ഇൻസ്‌പെക്ടർ എൻ.ഗിരീഷ്‌കുമാർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് സർജൻ നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുമായി ഏറെനാളായി സൗഹൃദത്തിലായിരുന്ന ദിനേശ് സംഭവദിവസം ഉച്ചയോടെ മറ്റൊരു ഓട്ടോയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി.

കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുതറിമാറവേ യുവാവിനെ ശക്തിയായി തള്ളുകയും നിലതെറ്റിയ ഇയാൾ കട്ടിലിന്റെ പടിയിൽ തലയടിച്ചുവീഴുകയുമായിരുന്നെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നത്.