ന്യൂഡൽഹി: ഹരിദ്വാറിലെ മഹാ കുംഭമേള ഏപ്രിൽ 30 വരെ തുടരുമെന്നും നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനാൽ കുംഭമേള ബുധനാഴ്ച അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കുംഭമേള അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.

ഹരിദ്വാറിൽ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയെ നിസാമുദ്ദീൻ മർകസുമായി താരതമ്യപ്പെടുത്തരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് പ്രതികരിച്ചിരുന്നു. കുംഭമേളയും നിസാമുദ്ദീൻ മർകസും തമ്മിൽ ഒരു താരതമ്യവും പാടില്ല. നിസാമുദ്ദീൻ മർകസ് അടഞ്ഞ സ്ഥലത്താണ് നടന്നത്. വിദേശികളും പങ്കെടുത്തിരുന്നു. അതേസമയം കുംഭമേള ഗംഗാ തീരത്തെ തുറന്ന പ്രദേശത്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



'കുംഭമേളയിൽ പങ്കെടുക്കുന്നവർ പുറത്തുനിന്നുള്ളവരല്ല, നമ്മുടെ സ്വന്തം ആളുകളാണ്. മാത്രമല്ല, മർകസ് നടന്നപ്പോൾ കോവിഡിനെ കുറിച്ചോ മാർഗനിർദേശങ്ങളെ കുറിച്ചോ കൂടുതൽ അവബോധമുണ്ടായിരുന്നില്ല. ഇപ്പോൾ കോവിഡിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളെക്കുറിച്ചും കൂടുതൽ അവബോധമുണ്ട്. കുംഭമേള ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് വെല്ലുവിളികൾക്കിടയിൽ ഇത് വിജയകരമായി നടത്തുകയും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പിന്തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം'. റാവത്ത് പറഞ്ഞു.

ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്‌നാനം ചെയ്യാൻ എത്തുന്നത്. ഇത്രയും ആളുകൾ ഒരുമിച്ചു ചേരുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കുമെന്ന ആശങ്കയുണ്ട്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേർ പേർ സ്‌നാനം ചെയ്യാൻ എത്തിയെന്നാണ് സർക്കാർ കണക്ക്.

സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പിഴ ചുമത്താൻ തീരുമാനമുണ്ടെങ്കിലും വൻ ജനക്കൂട്ടമായതിനാൽ സാധിക്കാത്ത സ്ഥിതിയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ 1,925 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന സംഖ്യയാണിത്. ഹരിദ്വാറിൽ മാത്രം രണ്ട് ദിവസത്തിനിടെ 1,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.