തിരുവനന്തപുരം: വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എംസി ജോസഫൈൻ നേരത്തെ രാജി വയ്ക്കേണ്ടതായിരുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുൻപും ആരോപണങ്ങൾ ഉയർന്നപ്പോൾ സർക്കാരോ സിപിഐഎമ്മോ ഇടപെട്ടില്ലെന്നും ഇപ്പോഴത്തെ തീരുമാനം നിൽക്കക്കള്ളിയില്ലാതെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി പറഞ്ഞത്: 'രണ്ടാമതും അധികാരത്തിൽ വന്നതിന്റെ ഹുങ്കാണ് അവർക്ക്. പ്രശ്നങ്ങൾ പറയുന്നവരോട് ദയ കാണിക്കാൻ മനുഷ്യത്വമില്ല, വിനയമില്ല. എന്തൊരു മോശം പെരുമാറ്റമായിരുന്നു. ജോസഫൈൻ നേരത്തെ രാജി വയ്ക്കേണ്ടതായിരുന്നു. മുൻപും അവരുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റങ്ങളുണ്ടായിട്ടുണ്ട്. അന്ന് സർക്കാരോ സിപിഐഎമ്മോ തീരുമാനം എടുത്തില്ല.

ഇപ്പോഴത്തെ തീരുമാനം നിൽക്കക്കള്ളിയില്ലാതെയാണ്. ക്രിമിനൽ കുറ്റങ്ങൾ വർധിക്കുകയാണ്. കോവിഡ് കാലത്ത് ജനങ്ങൾ കഷ്ടപാടിലാണ്. അവരുടെ കണ്ണീരൊപ്പേണ്ട സമയമാണിത്. പ്രശ്നങ്ങൾ മനസിലാക്കാൻ യോഗ്യരായവരെ വേണം വനിതാ കമ്മിഷൻ അധ്യക്ഷ പദവിയിൽ ഇരുത്താൻ. മനുഷ്യരുടെ പ്രശ്നങ്ങളും വികാരങ്ങളും മനസിലാക്കാൻ കഴിയുന്നവരെ ആ സ്ഥാനത്ത് നിയമിക്കണം. ജോസഫൈൻ രാജിവച്ചതുകൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ല. അവരെ കൊണ്ടുള്ള പ്രശ്നം തീർത്തു. അത് മാത്രം പോരല്ലോ? അവരുടെ മുന്നിൽ വന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കണം.'