പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'കുറൾ കേക്കുതാ' എന്ന് തുടങ്ങുന്ന ഗാനം ഉണ്ണി മേനോനാണ് ആലപിച്ചിരിക്കുന്നത്. ഗുണ ബാലസുബ്രഹ്മണ്യന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയിരിക്കുന്നു.

ചിത്രത്തിലെ ആദ്യ ഗാനം 'ദർശന' തന്നെ വൻ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ടുതന്നെ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങൾക്കായി പ്രേക്ഷകർ കാത്തിരിക്കാറുമുണ്ട്.ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.പ്രണവിനു പുറമേ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മെറിലാന്റ് സിനിമാസ് ആൻഡ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.