കോഴിക്കോട്:  ചെറിയ ചെറിയ തെറ്റുകളിലൂടെ വലിയ ക്രിമിനലാകുന്ന സുകുമാരക്കുറുപ്പ്. ആദ്യ പകുതി പതിയെ പോകുമ്പോൾ രണ്ടാം പകുതിയിൽ ട്വിസ്റ്റുകളും. മാസ് മൂവിക്ക് അപ്പുറം ക്ലാസിലേക്കാണ് 'കുറുപ്പിന്റെ യാത്ര'. ദുൽഖർ സൽമാൻ നായകനായ ചിത്രത്തോടെ കേരളത്തിലെ തിയേറ്ററും സജീവമാകുകയാണ്. പ്രേക്ഷകരെ 80കളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ചിത്രം.

സുകുമാര കുറുപ്പിനെ ഗ്രാറിഫൈ ചെയ്യുന്നതല്ല സിനിമ. കാലഘട്ടത്തിന്റെ പുനരാവിഷ്‌കരണത്തിൽ അതീവ ശ്രദ്ധ ചിത്രം പുലർത്തിയിരിക്കുന്നു. ഛായാഗ്രഹണം അടക്കം സാങ്കേതിക മികവ് ഉറപ്പാക്കുകയാണ് ഈ സിനിമ. ദുൽഖറിനൊപ്പം ഷെൻ ടോം ചാക്കോയും ഇന്ദ്രജിത്തും കൈയടി നേടുന്നു. അടിപ്പടം പ്രതീക്ഷിച്ചെത്തുന്നവരെ നിരാശരാക്കുന്ന സിനിമയിൽ മാസിനെക്കാൾ മികച്ച് നിൽക്കുന്നത് ക്ലാസാണെന്നതാണ് ആദ്യ വിലയിരുത്തൽ. പ്രേക്ഷകരും സിനിമയോട് പോസിറ്റീവായാണ് പ്രതികരിക്കുന്നത്.

തിയേറ്ററുകൾ വീണ്ടും സജീവമാകുന്നതിന്റെ ചിത്രം കുറപ്പ് വീണ്ടും എത്തിക്കുന്നു. എല്ലാ തിയേറ്ററിലും ദുൽഖർ ഫാൻസ് വലിയ കമാനങ്ങളും മറ്റും ഉയർത്തിയിട്ടുണ്ട്. ആദ്യ ഷോയിലെ പ്രതികരണം അനുസരിച്ച് തിയേറ്ററിൽ ദുൽഖർ ചിത്രം ലാഭമുണ്ടാക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇനിയുള്ള റിലീസ് ചിത്രങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് കുറുപ്പിന്റെ വരവ്. സുകുമാരക്കുറുപ്പിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ റിട്ടയർമെന്റിന് ശേഷം ആ ഫയൽ വീണ്ടും തുറക്കുന്നു. അവിടെയാണ് കുറുപ്പിന്റെ തുടക്കം.

ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനാവുന്ന കുറുപ്പും ഈ തിരോധാനത്തിന്റെ സത്യാവസ്ഥ തേടുന്ന ഡി.വൈ.എസ്‌പി കൃഷ്ണദാസുമാണ് കഥയെ മുന്നോട്ടുനയിക്കുന്ന പ്രധാന ഘടകങ്ങൾ. ഒളിവുജീവിതം നയിക്കുന്ന കുറുപ്പിനേക്കുറിച്ചുള്ള അന്വേഷണോദ്യോഗസ്ഥന്റെ നിഗമനങ്ങളാണ് ചിത്രത്തിലെ ത്രില്ലർ ഘടകം. കൊലപാതകവും അന്വേഷണവും ഒപ്പം കുറുപ്പിന്റെ വ്യക്തിജീവിതവുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെയുള്ള കഥപറച്ചിലിനും ശ്രമിച്ചിട്ടുണ്ട്. കുറ്റവും പിന്നാലെയുള്ള അന്വേഷണവുമൊക്കെയായതിനാൽ അടിമുടി ദുരൂഹത നിറയ്ക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്.

കേരളം ഇന്നും ചർച്ച ചെയ്യുന്ന സുകുമാരക്കുറുപ്പായി ദുൽഖർ നിറഞ്ഞാടുകയാണ് ചിത്രത്തിൽ. ഒരുപക്ഷേ മലയാള സിനിമയിൽ അടുത്തകാലത്തൊന്നും ഇത്രയും വ്യത്യസ്തത നിറഞ്ഞ ഒന്നിലേറെ ഗെറ്റപ്പുകളിൽ ഒരുതാരം എത്തിയിട്ടുണ്ടാവില്ല. കുറുപ്പിന്റെ സുഹൃത്ത് പീറ്റർ, ശാരദ എന്നിവരുടെഓർമകളിലൂടെയാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. ചാക്കോയുടെ വരവോടെ രണ്ടാം പകുതിയിലാണ് ചിത്രം പൂർണമായും ത്രില്ലർ എന്ന രീതിയിലേക്ക് മാറുന്നത്. ഡി.വൈ.എസ്‌പി കൃഷ്ണദാസിന്റെ കുറ്റാന്വേഷണ രീതികളും കുറുപ്പിന്റെ ഒളിച്ചോട്ടരീതികളുമാണ് ചിത്രത്തെ ഉദ്വേഗജനകമാവുന്നത്. ആദ്യ പകുതിയിലെന്ന പോലെ രണ്ടാംപകുതിയിലും കുറുപ്പിന്റെ വ്യത്യസ്ത രൂപഭാവങ്ങൾ.

1960-കൾ തൊട്ട് രണ്ടായിരത്തിന്റെ മധ്യം വരെയുള്ള കാലഘട്ടം കൃത്യമായി അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് ബോംബെയുടെ തെരുവുമതിലുകളിൽ ഒട്ടിക്കുന്ന പോസ്റ്ററിലെ ദുൽഖറിന്റെ ചിത്രം യഥാർത്ഥ കുറുപ്പുമായി ഏറെ സാദൃശ്യമുണ്ട്. വാഹനങ്ങളും വീടുകളും ബോംബെ പോർട്ടുമെല്ലാം ആ പഴയകാലത്തെ ഓർമ്മകളിലെത്തിക്കുന്നു. ശരിക്കും നടന്ന കുറ്റകൃത്യത്തെ കഥാതന്തു മാത്രമെടുത്തുകൊണ്ട് പുതിയൊരു കഥയെന്നോണമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്ന സാഹചര്യത്തിൽ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർ താര ചിത്രം കൂടിയാണിത്. കേരളത്തിൽ 450 തിയറ്ററുകളിലും ലോകമൊട്ടാകെ 1500 ഓളം സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തുന്നുണ്ട്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിൽപെടുന്ന സിനിമയാണ് 'കുറുപ്പ്'.

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ന്മെന്റ്‌സും ചേർന്നാണ് നിർമ്മാണം. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - വിഘ്നേഷ് കിഷൻ രജീഷ്, മേക്കപ്പ് - റോനെക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ.