കൽപറ്റ: രണ്ടു വർഷമായി അടഞ്ഞുകിടന്ന കുറുവ ദ്വീപ് നാളെ തുറക്കും. പരിസ്ഥിതി സംഘടനകൾ നൽകിയ പരാതിയിൽ കോടതി ഉത്തരവിനെ തുടർന്നാണ് കുറുവയടക്കം ജില്ലയിലെ 5 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്. കോടതി നിബന്ധനയനുസരിച്ച് ദിവസവും 1150 പേർക്കാണ് ദ്വീപിൽ പ്രവേശനം രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ സഞ്ചാരികളെ പ്രവേശിപ്പിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവേശനമെന്നും സംഘാടകർ അറിയിച്ചു.

വനംവകുപ്പ് നിയന്ത്രണത്തിലുള്ള വനസംരക്ഷണ സമിതി കേസിൽ കക്ഷിചേരുകയും ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് വനംവകുപ്പ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ തുറക്കാൻ വിധിയായത്. അപൂർവത നിറഞ്ഞ കുറുവ ദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികൾ വന്നിരുന്ന കേന്ദ്രമാണിത്. പ്രകൃതിയുടെ പ്രാധാന്യത്തെക്കുറിച്ച് സഞ്ചാരികൾക്ക് ബോധവൽക്കരണവും നൽകും. സമ്പൂർണ പ്ലാസ്റ്റിക് നിരോധനവും ഏർപ്പെടുത്തി. ദ്വീപിലേക്ക് പ്രവേശിക്കാൻ 50 പേർക്കിരിക്കാവുന്ന ചങ്ങാടം നിർമ്മിച്ചു. ദ്വീപിനുള്ളിൽ നടപ്പാത വൃത്തിയാക്കി സംരക്ഷണത്തിന് കമ്പിവേലി നിർമ്മിച്ചു. കാലപ്പഴക്കത്താൽ തകർന്ന ഇരിപ്പിടങ്ങളും ഫോട്ടോഗ്യാലറികളുംപുനർനിർമ്മിച്ചുവരുന്നു.ചെളിയടിഞ്ഞ കവാടവും പരിസരവും വൃത്തിയാക്കി.

ഒട്ടേറെപ്പേർ ദിവസങ്ങളോളം ജോലി ചെയ്താണ് കുറുവയുടെ മുഖം മിനുക്കിയത്. ദ്വീപിനുള്ളിൽ കാട്ടുതീ പ്രതിരോധവും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്ത് 50 മീറ്റർ അകലത്തിൽ ഗൈഡുകളെ നിയോഗിക്കും. പാക്കം-കുറുവ വനസംരക്ഷണ സമിതിയംഗങ്ങളാണ് കുറുവയിലെ ടൂറിസം നിയന്ത്രിക്കുന്നത്. രണ്ടുവർഷത്തോളം തൊഴിൽ ഹിതരായിരുന്ന അവരും ഏറെ ആഹ്ലാദത്തിലാണ്. കബനിയിലെ തുരുത്തുകളിൽ ജലനിരപ്പ് കുറഞ്ഞതിനാൽ ആളുകൾക്ക് കുളിക്കാൻ താൽക്കാലിക തടയണകൾ നിർമ്മിക്കും.പരീക്ഷ കഴിയുന്നതോടെ കുറുവയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വർധിക്കുമെന്നാണ് വനംവകുപ്പ് കണക്കുകൂട്ടൽ.

പാക്കംചേകാടി വനപാത ഗതാഗതയോഗ്യമാക്കിയതോടെ കുറവ യാത്രയും സുഖകരമായി. കുറുവ ദ്വീപ് തുറക്കുന്നതോടെ പാക്കം, ദാസനക്കര, പയ്യമ്പള്ളി, പാൽവെളിച്ചം, മാനന്തവാടി, പുൽപള്ളി പ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെത്തുമെന്നും ടൂറിസം മേഖലയ്ക്കു ഉത്തേജനകമാകുമെന്നുമാണ് വിലയിരുത്തൽ. കുറുവ അടച്ചതോടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിരുന്നു.