തൃശൂർ: പാലക്കാട് ദേശീയപാതയിൽ കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31നകം പൂർത്തിയാവുമെന്ന് കരാർ കമ്പനി. രണ്ടാമത്തെ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ കൂടുതൽ സമയം വേണമെന്നും കരാർ കമ്പനി ഹൈക്കോടതിയിൽ അറിയിച്ചു.

കുതിരാൻ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് കരാർ കമ്പനി നിർമ്മാണം സംബന്ധിച്ച് കോടതിയെ ബോധിപ്പിച്ചത്. ഇപ്പോഴത്തെ കുതിരാൻ പാതയിലെ ഗതാഗതം നിർത്തിവച്ചാൽ മാത്രമേ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴിയുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കൂ. തുരങ്കം തുറക്കുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

ഒരു തുരങ്കത്തിന്റെ നിർമ്മാണം മാർച്ച് 31നകം പൂർത്തിയായാലും ഉടൻതന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കാൻ സാധിക്കില്ല. സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നത് വരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവില്ലെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചു. കുതിരാനിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണം ഗതാഗതനിയമ ലംഘനം നടത്തി വാഹനം ഓടിക്കുന്നതാണെന്നും ദേശീയ പാത അഥോറിറ്റി കോടതിയെ ധരിപ്പിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.നിരന്തരമുണ്ടാകുന്ന അപകടങ്ങൾ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ രാജൻ ഹർജി നൽകിയത്.