തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് അനുനയ ചർച്ചകൾക്ക് വഴങ്ങിയെങ്കിലും നിലപാട് എന്തെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. പൂർണമായും കോൺ​ഗ്രസുകാരനായി തുടരുമോ അതോ ഇടത് പക്ഷത്തേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ തോമസ് മാഷ് ഇനിയും വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ആശങ്കയോടെയും സിപിഎം ആശയോടെയും കണ്ടിരുന്ന നേതാവ് മുതിർന്ന നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്ത്ചർച്ച നടത്തും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതിനാലാണ് താൻ വഴങ്ങിയത് എന്ന് കെ.വി.തോമസ് വ്യക്തമാക്കി. അതേസമയം, മറ്റു സാധ്യതകൾ അദ്ദേഹം പൂർണമായി തള്ളിയതുമില്ല. അതേസമയം, കെ വി തോമസ് ഉയർത്തിയത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന കെ.വി. തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളെ കാണാനാണ് നിർദ്ദേശം. സഹപ്രവർത്തകരിൽനിന്ന് അധിക്ഷേപം നേരിടേണ്ടി വന്നത് വേദനയുണ്ടാക്കി. പാർട്ടിയോട് പദവി ചോദിക്കുകയോ പാർട്ടി വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. ഇടതു മുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ മാധ്യമസൃഷ്ടിയാണെന്നും കെവി. തോമസ് പറഞ്ഞു.

സിപിഎം ജില്ലാ നേതൃത്വം കെ.വി.തോമസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇന്ന് കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം ഒഴിവാക്കിയാണ് കെ.വി.തോമസ് തിരുവനന്തപുരത്ത് എത്തുന്നത്. കെപിസിസി വർക്കിങ് പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, എഐസിസി ജനറൽ സെകട്ടറി ഇതിലേതെങ്കിലും പദവിയായിരുന്നു മുമ്പുള്ള ആവശ്യം. ഏതായാലും കെവി തോമസിന് സ്ഥാനമാനങ്ങൾ നൽകി അനുനയിപ്പിക്കാനുള്ള ശ്രമം ഉണ്ടാകും. സോണിയാ ഗാന്ധി നേരിട്ട് കെവി തോമസിനെ വിളിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും കെ വി തോമസുമായി ആശയവിനിമയം നടത്തിയിരുന്നു.

ഇന്ന് പതിനൊന്ന് മണിക്ക് വാർത്താ സമ്മേളനമെന്ന നിലപാടിൽ മലക്കം മറി‍ഞ്ഞാണ് കെവി തോമസ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. മാഡം പറഞ്ഞാൽ മറിച്ചൊന്നും പറയാറില്ലെന്ന നിലപാട് പരസ്യമായി പറഞ്ഞ കെവി തോമസ് പാർട്ടി നേതൃത്വത്തെ കണ്ട് പരാതി പറയുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.