ബിൽബാവോ: ഫോട്ടോ ഫിനിഷിലേക്ക് മുന്നേറുന്ന സ്പാനിഷ് ലീഗ് ഫുട്‌ബോളിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണ ടീമുകൾക്ക് ഇന്ന് നിർണായക മത്സരങ്ങൾ. എല്ലാ കളിയും രാത്രി പത്തിനാണ് തുടങ്ങുക.

ലാ ലീഗയിൽ ഇത്തവണ ആര് കിരീടം നേടുമെന്ന് ആർക്കും പ്രവചിക്കാനാവാത്ത നിലയിലാണ്. പോയിന്റ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണ ടീമുകൾ കിരീട പ്രതീക്ഷയിൽ. മുപ്പത്തിയാറ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അത്ലറ്റിക്കോയ്ക്ക് 80ഉം റയലിന് 78ഉം ബാഴ്സയ്ക്ക് 76ഉം പോയിന്റാണുള്ളത്. മുപ്പത്തിയേഴാം റൗണ്ടിനിറങ്ങുമ്പോൾ തോൽക്കുന്നവരുടെ കിരീട സാധ്യത അവസാനിക്കും.

അത്ലറ്റിക്കോ മാഡ്രിഡ്, ഒസസൂനയെയും റയൽ മാഡ്രിഡ്, അത്ലറ്റിക്കോ ബിൽബാവോയെയും ബാഴ്സലോണ, സെൽറ്റാ വിഗോയെയും നേരിടും.

ഇന്ന് അത്ലറ്റിക്കോ മാഡ്രിഡും റയൽ മാഡ്രിഡും ജയിച്ചാൽ ലീഗ് ജേതാക്കൾക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. അത്ലറ്റിക്കോ മാഡ്രിഡ് ജയിക്കാതെ നിൽക്കുകയും റയൽ ജയിക്കുകയും ചെയ്താൽ സിദാനും സംഘവും ലീഗിൽ ഒന്നാം സ്ഥാനത്തെത്തും.

റയൽ തോൽക്കുകയും അത്ലറ്റിക്കോ മാഡ്രിഡ് ജയിക്കുകയും ചെയ്താൽ അവസാന റൗണ്ടുവരെ കാത്തിരിക്കേണ്ടിവരില്ല. അത്ലറ്റിക്കോ മാഡ്രിഡായിരിക്കും ചാമ്പ്യന്മാർ. അത്ലറ്റിക്കോയും റയലും തോറ്റാലേ ബാഴ്ലോണയ്ക്ക് സാധ്യതയുള്ളൂ.