പൊതുമേഖലയിലെ വൻകിട കൽക്കരി ഖനികളും ബഹിരാകാശ, വ്യോമഗതാഗത, റയിൽവേ ,ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ ലാറ്റക്‌സ്, വിജയമോഹിനി മിൽസ് ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനും അടച്ചു പൂട്ടുന്നതിനുമെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ തൊഴിലാളി പ്രക്ഷോഭത്തിൽ ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ലോക് ഡൗൺ സാഹചര്യങ്ങൾ മുൻനിർത്തിയും ജില്ലയിലെ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു മുന്നിലും തൊഴിലാളി പ്രവർത്തകരും നേതാക്കളും ട്രേഡ് യൂണിയൻ ആഫീസുകളും അവരുടെ ഭവനങ്ങളും സമരകേന്ദ്രങ്ങളാക്കി കൊടികളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും പ്രദർശ്ശിപ്പിച്ച് പ്രക്ഷോഭ സമരങ്ങളിൽ പങ്കാളികളായി.

അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിജയമോഹിനി സ്പിന്നിങ് മില്ലിനു മുന്നിലെ സമരം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലയിലെ 200 സമര കേന്ദ്രങ്ങളിൽ പങ്കാളികളായതായി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ പറഞ്ഞു. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഐ.എൻ.ടി.യു.സി. നേതാക്കളായ ദേശീയ സെക്രട്ടറി തമ്പി കണ്ണാടൻ, വി.ജെ.ജോസഫ്, പി.എസ്.സീമ, നിസ്സാർ അഹമ്മദ്, എം.ജെ.തോമസ്, ജോണി പൂജപ്പുര, പി.ബിജു, നെയ്യാറ്റിൻകര പ്രദീപ്, ജോയി, വിജയകുമാർ, കെ.എം.അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.