കോതമംഗലം ; വാടകകെട്ടിടത്തിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയെയും ബന്ധുവായ യുവാവിനെയും പൊലീസ് ആശുപത്രിയിൽ എത്തിച്ചു. യുവതി മരിച്ചു. യുവാവിന്റെ നില ഗുരുതരം. നേര്യമംഗലം മുഞ്ചയ്ക്കൽ ഇബ്രാഹീമിന്റെ മകൾ ലൈല (40)യാണ് മരണപ്പെട്ടത്.ബന്ധു അലിമുത്തു അവശനിലയിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിലാണ്.

ഇന്നലെ വൈകുന്നേരം 7 മണിയോടടുത്ത് ഇതുവഴി എത്തിയ ഊന്നുകൽ സി ഐ ഒ എ സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും ആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്. വീടിന് മുന്നിൽ ആൾക്കുട്ടം കണ്ടാണ് പൊലീസ് സംഘം വിവരങ്ങൾ തിരക്കാൻ വാഹനം നിർത്തിയത്. വീടിനുള്ളിൽ കപ്പയും എല്ലും വയ്ക്കുന്നതിനിടെ കൽക്കണ്ടം കഴിച്ചെന്നും ഇതിന് ശേഷമാണ് അസ്വസ്തത അനുഭവപ്പെട്ടതെന്നുമാണ് അലിമുത്ത് പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

ഇടുക്കി സ്വദേശിയ കുഞ്ഞുമോനാണ് ലൈലയുടെ ഭർത്താവ്. ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.കഴിഞ്ഞ 9 വർഷത്തിലേറെയായി കുഞ്ഞുമോൻ നെല്ലിമറ്റത്താണ് താമസിച്ചുവരുന്നത്.നെല്ലിമറ്റത്ത് മരുതുംപാറയിൽ ജെയിംസിന്റെ കെട്ടിടത്തിലാണ് ഇവർ താമസിച്ച് വന്നിരുന്നത്.അലിമുത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീട്ടിൽ ഉണ്ടായിരുന്നെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളിൽ നിന്നും വിവരശേഖരണം നടത്തിയാലെ കൃത്യമായ വിവരങ്ങൾ ലഭ്യമാവു എന്നും സി ഐ അറയിച്ചു.