ന്യൂഡൽഹി: ലഖിംപുരിൽ ഖേരി സംഭവം പുനരാവിഷ്‌ക്കരിച്ച് പൊലീസ്. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയേയും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയ്ക്ക് കുരുക്കിയത്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കർഷകരും. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മർദ്ദത്തിന്റെ വിജയമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.