കൊച്ചി: കൊച്ചിയിലുണ്ടായിരുന്ന ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫിസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി. ഓഫിസിലെ അഞ്ചു ജീവനക്കാരെ കവരത്തിയിലെ ഓഫിസിലേക്കു മാറ്റിക്കൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്.

വെല്ലിങ്ടൺ ഐലന്റിലെ ഓഫീസിലാണ് ഭരണപരിഷ്‌കാര നടപടികളേത്തുടർന്നുള്ള വെട്ടിച്ചുരുക്കൽ നടപടി.ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കമാണ് നീക്കത്തിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

കൊച്ചി ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം അധികമാണെന്നും വെട്ടിക്കുറയ്ക്കണമെന്നും നേരത്തെ ശുപാർശ ചെയ്തിരുന്നു. ജീവനക്കാർ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെ കവരത്തിയിലെ ഓഫിസിലേക്കു മാറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്.

ലക്ഷദ്വീപിൽ നിന്നു കേരളത്തിലേക്കു വിദ്യാഭ്യാസ ആവശ്യങ്ങൾക്കെത്തുന്ന വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മറ്റുമായി പ്രവർത്തിച്ചിരുന്ന ഓഫിസാണ് ഇത്. ദ്വീപ് അധികൃതരുടെ ഈ നടപടി സംസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

ബേപ്പൂർ തുറമുഖത്തെ ഒഴിവാക്കി മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റുക, ഗസ്റ്റ് ഹൗസ് സ്വകാര്യവൽക്കരിക്കുക തുടങ്ങിയ നീക്കങ്ങൾ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം. ഇക്കാര്യത്തിൽ സേവ് ലക്ഷദ്വീപ് ഫോറമടക്കം ആരോപണവുമായി രംഗത്തെത്തി. കേരളവുമായുള്ള ബന്ധത്തെ തകർക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് അവർ ആരോപിച്ചു.